ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
കോഴിക്കോട്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി-കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ് ഇദ്ദേഹം.
ഭാര്യയെ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിച്ച ശേഷം ഇന്നലെ രാത്രി ജീപ്പിൽ വിശ്രമിക്കാൻ പോയതായിരുന്നു വിനു. ഇന്ന് രാവിലെയോടെ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് രാവിലെ എട്ടോടെ ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം നിലവിൽ വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.