തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യത; അർജുൻ ആയങ്കിക്കതിരെ കാപ്പ ചുമത്തി
അർജുൻ ആയങ്കി
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ ശുപാർശ അംഗീകരിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. നിലവിൽ എറണാകുളം പൊലീസിന്റെ കസ്റ്റഡിയിലുള്ള അർജുനെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനു മുൻപാകെ ഹാജരാക്കും.
ഏഴുവർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താൻ തീരുമാനിച്ചത്.
കളക്ടറുടെ ഈ ഉത്തരവ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന റിവ്യൂ കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്. എങ്കിലും, റിവ്യൂ കമ്മിറ്റിയുടെ തീരുമാനം വരുന്നതിനു മുൻപു തന്നെ കളക്ടറുടെ ഉത്തരവ് മുൻനിർത്തി പൊലീസിന് പ്രതിയെ ജയിലിലടയ്ക്കാൻ സാധിക്കും.
29 വയസ്സുകാരനായ അർജുൻ ആയങ്കിക്കതിരെ സംസ്ഥാനത്തൊട്ടാകെ 23 ക്രിമിനൽ കേസുകളുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വന്തം സ്റ്റേഷൻ പരിധിയായ വളപട്ടണത്താണ് റജിസ്റ്റർ ചെയ്തിട്ടുള്ളത് (2014-2018 കാലയളവിൽ 12 കേസുകൾ). കണ്ണൂർ ടൗൺ, കരിപ്പൂർ, വിയ്യൂർ, തൃശൂർ റെയിൽവേ, മീനാക്ഷിപുരം, കോതമംഗലം, ഊന്നുകൽ, എറണാകുളം സൈബർ, കണ്ണൂർ സൈബർ എന്നീ സ്റ്റേഷനുകളിലെ കേസുകൾ കൂടി പരിഗണിച്ചാണ് കളക്ടർ നടപടിയെടുത്തത്.
സാധാരണഗതിയിൽ ഒരു മാസത്തിലധികം സമയമെടുക്കുന്ന നടപടികൾ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ വേഗത്തിൽ പൂർത്തിയാക്കിയാണ് ഇത്തവണ ഉത്തരവിറക്കിയത്. അർജുനെതിരെ ഇത് രണ്ടാം തവണയാണ് കാപ്പ ചുമത്തുന്നത്. മുൻപ് കാപ്പ ചുമത്തിയപ്പോൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. പുതിയ സാഹചര്യത്തിലും ഉത്തരവിനെതിരെ അർജുൻ കോടതിയെ സമീപിക്കാനാണ് സാധ്യത.