ഭാര്യ ഉപേക്ഷിച്ചു; രണ്ട് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി പിതാവ്
തൂത്തുക്കുടി: ഭാര്യ ഉപേക്ഷിച്ച് പോയ വിഷമത്തിൽ രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് പിതാവ്. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് സംഭവം. ലോറി ഡ്രൈവറായ മൈക്കിൾ(40) ആണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഏകദേശം 6 മാസം മുമ്പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ജീവിക്കാനായി ഇറങ്ങിപ്പോയത്. ഇതിനെ തുടർന്ന് മൈക്കിൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു. സ്ഥിരമായി ജോലിക്ക് പോകുന്നത് നിർത്തുകയും ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മരിയ നിരോഷ (14), ഏഴാ ക്ലാസ് വിദ്യാർത്ഥിയായ മകൻ മരിയ കെനിസ്റ്റൺ (12) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് വൈദ്യുതി കമ്പികൾ കൊണ്ട് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൈക്കിൾ ജീവനൊടുക്കുകയായിരുന്നു.
വീടിന് പുറത്തുറങ്ങിയിരുന്ന ഇയാളുടെ പിതാവ് പിറ്റേന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൂട്ടുപൊളിച്ച് അകത്തുകയറിയ പോലീസ് മൂവരുടെയും മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയും പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പുതുക്കോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.