രണ്ടുമാസം മുമ്പ് വിവാഹം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി
നാസിയ
തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടേയും മകൾ നാസിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാസിയയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു നാസിയയുടെ വിവാഹം കഴിഞ്ഞത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ ഭർത്താവ് അൻസർ നിലവിൽ വിദേശത്താണ്. ഈ മാസം 25-ന് അദ്ദേഹം നാട്ടിലേക്ക് വരാനിരിക്കെയാണ് നാസിയയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് വിദേശത്തേക്ക് മടങ്ങിയതിന് പിന്നാലെ നാസിയ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നാസിയ വർക്കലയിലുള്ള സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനായി എത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നവവധുവിന്റെ മരണമായതിനാൽ ആർ.ഡി.ഒ.യുടെ (RDO) സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.