‘ഓൺലൈൻ ചാനൽ മോശമായി ചിത്രീകരിച്ചു’; ആൺ സുഹൃത്ത് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് ആൺസുഹൃത്ത് എച്ച്‌ഐവി ബാധിച്ച സ്വന്തം രക്തം കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. ഓൺലൈൻ ചാനൽ യുവതിയെ മോശമായി ചിത്രീകരിച്ചതിനു പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് ഹൈദരബാദിലെ പോച്ചാരം സ്വദേശിയായ 23കാരി ജീവനൊടുക്കിയത്.
ഈ ദാരുണമായ സംഭവത്തിന്റെ തുടക്കം മാസങ്ങൾക്ക് മുൻപായിരുന്നു. യുവതിയുടെ മുൻ സുഹൃത്തായിരുന്ന മനോഹർ എന്നയാൾ തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെത്തുടർന്ന് യുവതിയുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് എച്ച്‌ഐവി ബാധിച്ച സ്വന്തം രക്തം കുത്തിവെക്കുകയായിരുന്നു. മനോഹറിന് എച്ച്.ഐ.വി പോസിറ്റീവാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതിനെത്തുടർന്ന് മനോഹർ ജയിലിലായെങ്കിലും യുവതിയുടെ ജീവിതം ദുസ്സഹമായി മാറി.
രോഗബാധയെക്കാൾ ഉപരിയായി യുവതിയെ മാനസികമായി തളർത്തിയത് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളായിരുന്നു. ഒരു പ്രമുഖ യുട്യൂബ് ചാനൽ ഈ സംഭവത്തെക്കുറിച്ച് നൽകിയ വീഡിയോയിൽ യുവതിയെ മോശക്കാരിയായി ചിത്രീകരിക്കുകയും അവർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയുടെ താഴെ വന്ന അധിക്ഷേപകരമായ കമന്റുകൾ യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി.
താൻ തെറ്റൊന്നും ചെയ്തില്ലെന്ന് ബോധ്യമുണ്ടായിട്ടും സമൂഹത്തിന്റെ പരിഹാസം താങ്ങാനാവാതെ വന്നതോടെയാണ് യുവതി ആത്മഹത്യ തിരഞ്ഞെടുത്തത്. സൈബർ ഇടങ്ങളിലെ വിചാരണയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെയും ഇരകളുടെ ലിസ്റ്റിലേക്ക് ഒരാളെ കൂടെ ചേർത്തിരിക്കുകയാണ്. യുവതിയുടെ മരണത്തിന് കാരണമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കുറ്റാരോപിതനായ മനോഹറിനെതിരെയും കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പോലീസിന്റെ സൈബർ വിഭാഗം നിലവിൽ ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.