റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ചു; ഉത്തരവിറക്കി ധനകാര്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് വലിയ ആശ്വാസമായി താങ്ങുവില വർധിപ്പിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്ന് 250 രൂപയായാണ് ഉയർത്തിയത്. റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി പ്രകാരമുള്ള ഈ പുതുക്കിയ താങ്ങുവിലയ്ക്ക് ജൂലൈ 3 മുതൽ പ്രാബല്യമുണ്ടാകും. ഉൽപാദനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ താങ്ങുവില വർധിപ്പിക്കണമെന്ന് റബർ കർഷകരും ഉൽപാദക സംഘങ്ങളും പ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശൻ സർക്കാരിന്റെ നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ധനകാര്യ വകുപ്പ് ഇപ്പോൾ ഔദ്യോഗികമായി ഉത്തരവിറക്കിയത്.
പുതുക്കിയ ഉത്തരവ് പ്രകാരം ജൂലൈ 3 മുതലുള്ള ബില്ലുകൾക്ക് കർഷകർക്ക് പുതിയ താങ്ങുവിലയായ 250 രൂപ നിരക്കിൽ ആനുകൂല്യം ലഭിച്ചുതുടങ്ങും. വിപണി വില താങ്ങുവിലയേക്കാൾ താഴേക്ക് പോകുന്ന സാഹചര്യങ്ങളിൽ വ്യത്യാസമായി വരുന്ന തുക സബ്‌സിഡിയായി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. സർക്കാരിന്റെ ഈ നടപടി പ്രതിസന്ധി നേരിടുന്ന പതിനായിരക്കണക്കിന് റബർ കർഷകർക്ക് വലിയ താങ്ങാവുമെന്നാണ് കരുതപ്പെടുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി കർഷകർ റബർ ബോർഡിന്റെയും കൃഷി ഭവന്റെയും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.