21/07/2026
[fontresizer_tawhidurrahmandear_widget]

‘മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് ആ വേദന അറിയില്ല’; വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

 ‘മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് ആ വേദന അറിയില്ല’; വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പോലീസ് നടത്തിയ അക്രമത്തിൽ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ. കയ്യിൽ ആയുധങ്ങളോ കല്ലുകളോ ഇല്ലാതെ സമാധാനപരമായി പാർലമെന്റിലേക്ക് മാർച്ച് ചെയ്ത നിരായുധരായ വിദ്യാർഥികളെയാണ് പോലീസ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

പോലീസിന്റെ മൃഗീയമായ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികളുടെ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ തടയാൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നില്ലെന്നും, ഒരു പരീക്ഷ പോലും സുതാര്യമായി നടത്താൻ കഴിയാത്ത പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപ്പേപ്പർ ചോർച്ച അവസാനിപ്പിക്കണമെന്ന് മാത്രമാണ് ഈ വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഇതിനെതിരെ ശബ്ദിക്കുന്നവരെ ലാത്തി കൊണ്ടടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കെജ്‌രിവാൾ വിമർശിച്ചു.

മോദിജിക്ക് സ്വന്തമായി കുട്ടികളില്ലാത്തതുകൊണ്ട് ആ വേദന അദ്ദേഹത്തിന് അറിയില്ലെന്നും, ഈ വിദ്യാർഥികളെല്ലാം നമ്മുടെ മക്കളാണെന്നും കെജ്‌രിവാൾ ഓർമ്മിപ്പിച്ചു. വിദ്യാർഥികൾക്കെതിരെ വ്യാജ കേസുകൾ എടുത്തിട്ടുണ്ടെന്നും പല കുട്ടികളും എവിടെയാണെന്ന് അവരുടെ മാതാപിതാക്കൾക്ക് പോലും വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളെ സഹായിക്കാൻ ആം ആദ്മി പാർട്ടി ആരംഭിച്ച ഹെൽപ്‌ലൈൻ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ താൻ നേരിട്ട് വിവിധ പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുകയും എഴുപതോളം കുട്ടികളെ ഇതിനോടകം മോചിപ്പിക്കുകയും ചെയ്തതായി കെജ്‌രിവാൾ അറിയിച്ചു.

Also read: