E20 പെട്രോൾ: മൈലേജ് കുറയാൻ കാരണം ഗതാഗതക്കുരുക്കെന്ന് കേന്ദ്ര മന്ത്രി; 3 വർഷത്തിനിടെ ജനങ്ങൾക്ക് 88,234 കോടി രൂപയുടെ അധിക ബാധ്യത
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ E20 പെട്രോൾ പദ്ധതി വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നുവെന്നും എൻജിൻ തകരാറുകൾക്ക് കാരണമാകുന്നുവെന്നുമുള്ള വാദങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇത്തരത്തിലുള്ള വാദങ്ങൾ പൂർണ്ണമായും ‘അസംബന്ധം’ ആണെന്നാണ് ഡൽഹിയിൽ നടന്ന ഊർജ്ജ വിദഗ്ദ്ധരുടെ സമ്മേളനത്തിൽ മന്ത്രി വിശേഷിപ്പിച്ചത്. ഡൽഹിയിലെയും ഗുഡ്ഗാവിലെയും ഗതാഗതക്കുരുക്കാണ് ഇന്ധനക്ഷമത 1-2% കുറയാൻ പ്രധാന കാരണമെന്നും എഥനോൾ മിശ്രിതമല്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ തന്നെ ഔദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ‘ദി റിപ്പോർട്ടേഴ്സ് കളക്ടീവ്’ (The Reporters’ Collective) നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് മന്ത്രിയുടെ അവകാശവാദങ്ങൾക്ക് വിപരീതമായ കണക്കുകളാണ് പുറത്തുവിടുന്നത്. എഥനോൾ മിശ്രിതം കാരണം വാഹനങ്ങൾക്കുണ്ടായ ഇന്ധനക്ഷമതയിലെ കുറവ് നികത്താൻ കഴിഞ്ഞ 3 വർഷത്തിനിടെ മാത്രം ഇന്ത്യൻ വാഹന ഉടമകൾക്ക് 88,234 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ധനക്ഷമത കുറയാനുള്ള ശാസ്ത്രീയ കാരണം:
പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് 33 ശതമാനം ഊർജ്ജക്ഷമത കുറവാണ്. 20% എഥനോൾ കലർത്തുമ്പോൾ ഇന്ധനത്തിന്റെ ഊർജ്ജക്ഷമതയിൽ ഏകദേശം 6.7% കുറവുണ്ടാകുന്നു. ഇതോടെ ഒരേ ദൂരം സഞ്ചരിക്കാൻ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വരുന്നു.
അതേസമയം, എഥനോൾ കലർത്താത്ത ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാൻ സാധാരണക്കാർക്ക് സാധിക്കുന്നുമില്ല. ഡൽഹിയിൽ എഥനോൾ കലർത്തിയ പെട്രോളിന് ലിറ്ററിന് 102 രൂപയാണെങ്കിൽ, ശുദ്ധമായ പെട്രോളിന് 167 മുതൽ 170 രൂപ വരെയാണ് സർക്കാർ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
എഥനോൾ നയവും നീതി ആയോഗ് റിപ്പോർട്ടും:
2003-ലാണ് 5% എഥനോൾ കലർത്തുന്ന പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് 2018-ൽ 2030-ഓടെ 20% എഥനോൾ മിശ്രിതം കൈവരിക്കാൻ ലക്ഷ്യമിട്ട് ദേശീയ ജൈവഇന്ധന നയം കൊണ്ടുവന്നു. എന്നാൽ, ലക്ഷ്യമിട്ടതിലും അഞ്ച് വർഷം മുൻപേ, 2025 ജൂലൈയിൽ ഇന്ത്യ 20% എഥനോൾ മിശ്രിതമെന്ന നേട്ടം കൈവരിച്ചു.
2021-ൽ നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്ന് വ്യക്തമായി സമ്മതിച്ചിരുന്നു. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ E10-ൽ പ്രവർത്തിച്ചിരുന്ന കാറുകൾക്ക് 1-2% വരെയും, E0 കാറുകൾക്ക് 6-7% വരെയും, ഇരുചക്ര വാഹനങ്ങൾക്ക് 3-4% വരെയും ഇന്ധനക്ഷമത കുറയുമെന്ന് നീതി ആയോഗ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇന്ധനക്ഷമത കുറയുമ്പോഴും വിലയിൽ ഇളവ് നൽകാൻ സർക്കാർ തയ്യാറായില്ല.
മന്ത്രിമാരുടെ വാദങ്ങളും വസ്തുതയും:
ഇന്ധനക്ഷമതയിലെ കുറവ് നിസ്സാരമാണെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും ഹർദീപ് സിംഗ് പുരിയുടെയും നിലപാട്. നഗരങ്ങളിലെ ഗതാഗതത്തിൽ വലിയ മാറ്റമൊന്നും അനുഭവപ്പെടില്ലെന്നും ഹൈവേകളിൽ വേഗത്തിൽ ഓടിക്കുമ്പോൾ മാത്രമാണ് ചെറിയ വ്യത്യാസം വരികയെന്നും 2026 ജൂലൈയിൽ നൽകിയ അഭിമുഖത്തിൽ ഗഡ്കരി പറയുകയുണ്ടായി.
കൂടാതെ, E20 ഇന്ധനം എൻജിന് കേടുപാടുകൾ വരുത്തുന്നില്ലെന്ന് വ്യാപകമായ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് രാജ്യസഭയിൽ എം.പി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി ഹർദീപ് സിംഗ് പുരി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ആധാരമായ പഠന റിപ്പോർട്ടുകളൊന്നും പെട്രോളിയം മന്ത്രാലയം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
ഭീമമായ അധിക സാമ്പത്തിക ബാധ്യത:
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 42.6 മില്യൺ മെട്രിക് ടൺ (MMT) മോട്ടോർ സ്പിരിറ്റ് ഉപയോഗിച്ചു. ഇത് ശുദ്ധമായ പെട്രോൾ ആയിരുന്നെങ്കിൽ 39.76 MMT മാത്രമേ ആവശ്യമായി വരുമായിരുന്നുള്ളൂ. എഥനോൾ മിശ്രിതം കാരണം 2.83 MMT ഇന്ധനം അധികമായി കത്തിച്ചു കളയേണ്ടി വന്നു. ഇതിലൂടെ 2025-26-ൽ മാത്രം വാഹന ഉടമകൾക്ക് 37,843 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ ഇത് 88,234 കോടി രൂപയാണ്.
കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (CEEW) പഠനങ്ങൾ അടിസ്ഥാനമാക്കി റോഡിലെ വാഹനങ്ങളുടെ വളർച്ചയും ഇന്ധന ഉപഭോഗവും താരതമ്യം ചെയ്തപ്പോഴും, വാഹനങ്ങളുടെ എണ്ണത്തേക്കാൾ വേഗത്തിൽ ഇന്ധന ഉപഭോഗം വർദ്ധിച്ചതായി വ്യക്തമായി. എഥനോൾ കലർത്തൽ മൂലം ഉണ്ടാകുന്ന മൈലേജ് കുറവാണ് ഇതിന് പ്രധാന കാരണം.