‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്’; ബസുകളുടെ അപകടപ്പാച്ചിലിൽ കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: റോഡിൽ ബസ് ഓടിക്കുന്നവർ തമ്പുരാക്കന്മാരല്ലെന്ന് രൂക്ഷമായ ഭാഷയിൽ ഓർമ്മിപ്പിച്ച് ഹൈക്കോടതി. കഴിഞ്ഞ ദിവസം നഗരത്തിൽ ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിർണ്ണായക പരാമർശം.
കൊച്ചി നഗരത്തിൽ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന അപകടകരമായ ഡ്രൈവിങ് തടയാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ കഴിഞ്ഞ വർഷം പോലീസ് കോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
സുരക്ഷിതമായ റോഡുകൾ എന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്നും നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം. നഗരത്തിലെ വലിയ വാഹനങ്ങളുടെ മത്സരയോട്ടം കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറിയും ചൂണ്ടിക്കാട്ടി.
ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും പരാതികൾ അറിയിക്കാനായി വാട്സാപ്പ് നമ്പർ വാഹനങ്ങളിൽ പതിപ്പിക്കുമെന്നും 2025-ൽ പോലീസ് ഉറപ്പുനൽകിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നടപടികളൊന്നും ഫലപ്രദമായി നടപ്പിലായില്ല. നഗരത്തിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനും ചെറിയ വാഹനങ്ങളെ ഭയപ്പെടുത്താനും ബസുകൾക്ക് ആരാണ് അധികാരം നൽകിയതെന്നും ഹൈക്കോടതി രൂക്ഷമായി ചോദിച്ചു.