10/06/2026
[fontresizer_tawhidurrahmandear_widget]

അടുത്ത സുഹൃത്തിൻ്റെ വാട്സാപ്പിൽ നിന്നെത്തിയ കല്ല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 5 ലക്ഷം രൂപ

 അടുത്ത സുഹൃത്തിൻ്റെ വാട്സാപ്പിൽ നിന്നെത്തിയ കല്ല്യാണക്കുറി ഡൗണ്‍ലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് 5 ലക്ഷം രൂപ

ബെംഗളൂരു: വാട്‌സാപ്പ് വഴി എത്തിയ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്ത ബെംഗളൂരു സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ‘വെഡ്ഡിങ് ഇൻവിറ്റേഷൻ’ എന്ന പേരിൽ ലഭിച്ച എപികെ (APK) ഫയൽ ഡൗൺലോഡ് ചെയ്തതാണ് വിനയായത്. അടുത്ത സുഹൃത്തിന്റെ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയതെന്നതിനാൽ യുവാവ് സംശയിക്കാതെ ഫയൽ തുറക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായുള്ള സന്ദേശങ്ങൾ ലഭിച്ചു. ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട വിവരം യുവാവ് അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഫോണിലേക്ക് എത്തിയ ഫയലിൽ അപകടകാരിയായ മാൽവെയർ (Malware) ഉണ്ടായിരുന്നുവെന്നും ഇതുവഴി തട്ടിപ്പുകാർക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം ലഭിച്ചെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. അപരിചിതമായ നമ്പറുകളിൽ നിന്നോ അറിയാവുന്നവരുടെ നമ്പറുകളിൽ നിന്നോ അസാധാരണമായ ലിങ്കുകളോ എപികെ ഫയലുകളോ വന്നാൽ അവ ഡൗൺലോഡ് ചെയ്യരുതെന്ന് സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം ഫയലുകൾ വഴി ബാങ്ക് വിവരങ്ങളും പാസ്‌വേർഡുകളും ചോർത്താൻ ഹാക്കർമാർക്ക് എളുപ്പം സാധിക്കും. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം ഗുരുഗ്രാമിലും ഒരാൾക്ക് ഒരു ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു.

Also read: