മോദിയുടെ ‘മെലഡി’ ഹിറ്റായി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പാർലെ
ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പാർലെ മെലഡി’ ടോഫി സമ്മാനിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലും വിപണിയിലും ‘മെലഡി’ തരംഗം. ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകൾക്ക് വലിയ ദൃശ്യപരതയും അംഗീകാരവും നൽകിയതിന് പ്രധാനമന്ത്രി മോദിയോട് പാർലെ പ്രോഡക്ട്സ് നന്ദി അറിയിച്ചു. ലോകനേതാക്കൾക്ക് പാർലെ മെലഡി സമ്മാനമായി നൽകുന്നത് ആഗോളതലത്തിൽ സ്വദേശി ബ്രാൻഡുകളുടെ സാധ്യതയുടെ ശക്തമായ തെളിവാണെന്ന് പാർലെ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് മായങ്ക് പ്രവീൺചന്ദ്ര ഷാ പ്രതികരിച്ചു.
പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച മെലഡി ചോക്ലേറ്റ് പാക്കറ്റ് കാണിച്ചുകൊണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പങ്കുവെച്ച 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്റർനെറ്റിൽ വലിയ രീതിയിലാണ് പ്രചരിച്ചത്. ഇതോടെ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക്-കൊമേഴ്സ് ആപ്പുകളിൽ മെലഡി ടോഫികളുടെ സ്റ്റോക്ക് തീരുകയും, എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ബ്രാൻഡ് ട്രെൻഡിങ്ങാവുകയും ചെയ്തു.
നിലവിൽ 100-ലധികം രാജ്യങ്ങളിൽ ലഭ്യമായ പാർലെ മെലഡിയുടെ ആഗോള സാന്നിധ്യം ഇനിയും വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിൽ വിദേശത്തുള്ള ഇന്ത്യക്കാരാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഈ പുതിയ സാഹചര്യം മറ്റ് വിദേശികൾക്കിടയിലും ബ്രാൻഡ് ജനപ്രിയമാക്കാനുള്ള അവസരമായി മാറ്റുമെന്ന് മായങ്ക് ഷാ വ്യക്തമാക്കി. അതേസമയം, വാർത്തകൾക്ക് പിന്നാലെ നിക്ഷേപകർ ഓഹരി വിപണിയിൽ ‘പാർലെ’ എന്ന് തിരയുകയും ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനിയുടെ ഓഹരി വില 5 ശതമാനം ഉയരുകയും ചെയ്തു. എന്നാൽ ഈ കമ്പനിക്ക് മെലഡി നിർമ്മിക്കുന്ന പാർലെ പ്രോഡക്ട്സുമായി ബന്ധമില്ല. നിലവിൽ പാർലെ പ്രോഡക്ട്സിന് പബ്ലിക് ലിസ്റ്റിങ്ങിനുള്ള (IPO) പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു നേതാക്കളുടെയും പേരുകൾ ചേർത്തുള്ള ‘മെലോഡി’ (#Melodi) എന്ന ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറലാണ്. ഈ മധുരനയതന്ത്രം കേവലം മീമുകളിൽ ഒതുങ്ങുന്നതല്ല, മറിച്ച് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ശക്തമായ അന്താരാഷ്ട്ര ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16.77 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാനും അവ ആഗോളതലത്തിൽ പ്രചരിപ്പിക്കാനും മായങ്ക് ഷാ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.