‘ആയത്തുള്ള ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കണം’; ഇസ്രയേൽ അനുകൂല നയത്തെ വിമർശിച്ച് അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാന്റെ ക്ഷണം ലഭിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്ത്. പ്രധാനമന്ത്രി ഈ ചടങ്ങിൽ തീർച്ചയായും പങ്കെടുക്കണമെന്നും ഇറാനിലേക്ക് പോകണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
മുൻപ് ഇസ്രയേൽ സന്ദർശിച്ച വേളയിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നു എന്ന് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഉവൈസി ഓർമ്മിപ്പിച്ചു. സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും ഒരേപോലെ നല്ല ബന്ധം പുലർത്തുക എന്നതായിരുന്നു ഇന്ത്യയുടെ പരമ്പരാഗത വിദേശനയം. എന്നാൽ, സമീപകാല വർഷങ്ങളിലായി നമ്മുടെ നയതന്ത്ര മൂലധനത്തിന്റെ വലിയൊരു പങ്ക് ഇസ്രയേലുമായുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിനായി മാത്രമാണ് ഇന്ത്യ വിനിയോഗിച്ചതെന്ന് തോന്നിക്കുന്നതായും ഉവൈസി വിമർശിച്ചു.
ആ നയത്തിന്റെ പ്രത്യാഘാതങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഇസ്രയേൽ തന്നെയാണ് ഈ സംഘർഷങ്ങൾക്ക് തുടക്കമിട്ടതെന്നും ഇതിനോടകം പതിനായിരക്കണക്കിന് കുട്ടികളാണ് അവിടെ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. മേഖലയിൽ പട്ടിണിക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മാസം നടക്കുന്ന സംസ്‌കാര ചടങ്ങിലേക്ക് ഇറാൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച പശ്ചാത്തലത്തിലാണ് വിദേശനയത്തിലെ സന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ഒവൈസിയുടെ ഈ പ്രതികരണം.