26/07/2026
[fontresizer_tawhidurrahmandear_widget]

‘ചർച്ച നടത്തേണ്ടത് ഇപ്പോഴാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല’; അഖിലേഷ് യാദവിനെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി

 ‘ചർച്ച നടത്തേണ്ടത് ഇപ്പോഴാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കരഞ്ഞിട്ട് കാര്യമില്ല’; അഖിലേഷ് യാദവിനെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി

മൊറാദാബാദ്: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. സമയം വൈകുന്നതിന് മുമ്പ് തന്നെ സഖ്യസാധ്യതകൾ ചർച്ച ചെയ്യണമെന്ന് അദ്ദേഹം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു.

മൊറാദാബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അഖിലേഷ് യാദവിനുള്ള ഒവൈസിയുടെ ഈ തുറന്ന സന്ദേശം. ഉത്തർപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ സഖ്യം രൂപീകരിക്കാനും കൈകോർക്കാനും തയ്യാറാണെന്നും ഒവൈസി വ്യക്തമാക്കി. “ചർച്ചകൾ നടത്തേണ്ടത് ഇപ്പോഴാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിന്നീട് കരഞ്ഞിട്ട് കാര്യമില്ല,” അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയെ വെല്ലുവിളിക്കാൻ കരുത്തുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയാണ് സമാജ്‌വാദി പാർട്ടി. എന്നാൽ എസ്.പിയുമായി തുല്യനീതിയിലധിഷ്ഠിതമായ ഒരു സഖ്യമാണ് എ.ഐ.എം.ഐ.എം ആഗ്രഹിക്കുന്നതെന്ന് ഒവൈസി സൂചിപ്പിച്ചു. പരസ്പരം മത്സരിച്ച് വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് പകരം ഒരുമിച്ച് നിൽക്കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

“ഞങ്ങൾ മത്സരിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യുമെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങളോടൊപ്പം ചേർന്ന് പോരാടാൻ ഞാൻ തയ്യാറാണ്,” ഒവൈസി പറഞ്ഞു. തങ്ങളുടെ പോരാട്ടം അഭിമാനത്തിനും നീതിക്കും വേണ്ടിയാണെന്നും, താഴെ പായയിൽ ഇരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും ഒവൈസി വ്യക്തമാക്കി. “അഖിലേഷ് ഒരു കസേരയിലാണെങ്കിൽ, ഒവൈസി അദ്ദേഹത്തിന് മുന്നിൽ കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്ന് അവകാശങ്ങളെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ രാഷ്ട്രീയ പോരാട്ടം ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ഒവൈസിയുടെ സഖ്യ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി. ഇത് കേവലം ‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കൂട്ടുകെട്ട്’ ആണെന്നും പ്രീണന രാഷ്ട്രീയമാണെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല വിമർശിച്ചു.

“അഖിലേഷ് യാദവും ഒവൈസിയും പ്രീണന രാഷ്ട്രീയത്തിൽ പരസ്പരം മത്സരിക്കുകയാണ്. ആരാണ് വലിയ പ്രീണനക്കാരൻ എന്ന മത്സരം മാറ്റിവെച്ചാണ് അവർ ഇപ്പോൾ സഹകരണത്തിന് ഒരുങ്ങുന്നത്. അഖിലേഷിന് ഒവൈസി ഇപ്പോൾ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുകയാണ്,” പൂനവാല പരിഹസിച്ചു. ഇരുവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

Also read: