‘അയോധ്യയിൽ സ്വർണം, വെള്ളി വജ്രം പതിപ്പിച്ച 1250 ശ്രീരാമ ശിലകൾ കാണാനില്ല’; വെളിപ്പെടുത്തലുമായി അഖിലേഷ് യാദവ്
ലക്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടിക്കണക്കിനു രൂപയുടെ വഴിപാടിലെ ക്രമക്കേട് ആരോപണത്തിന് പിന്നാലെ ക്ഷേത്രത്തിലെ 1,250 രാമശിലകൽ കാണാനില്ലെന്ന് വെളിപ്പെടുത്തൽ. സ്വർണം, വെള്ളി, വജ്രം എന്നിവ പതിപ്പിച്ച ശ്രീരാമ ശിലകൾ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് രംഗത്തെത്തിയത്. ഭക്തർ വലിയ വിശ്വാസത്തോടെ സമർപ്പിച്ച വഴിപാടുകളിൽ തുടങ്ങിയ അഴിമതി ഇപ്പോൾ ശതകോടികൾ വിലമതിക്കുന്ന ബിംബങ്ങൾ കടത്തുന്നതിലേക്ക് വരെ എത്തിനിൽക്കുകയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 1989-1990 കാലഘട്ടത്തിലെ രാമക്ഷേത്ര പ്രസ്ഥാനത്തിനിടെ ലോകമെമ്പാടുമുള്ള ഭക്തർ സമർപ്പിച്ചതും കാർസേവകപുരത്ത് സൂക്ഷിച്ചിരുന്നതുമായ പവിത്രമായ ശിലകളാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
സാധാരണ മൺശിലകൾ അവിടെയുണ്ടെങ്കിലും, മൗറീഷ്യസിൽ നിന്നും മുംബൈയിൽ നിന്നുമുള്ള വ്യാപാരികളിൽ നിന്നും ഉൾപ്പെടെ ലഭിച്ച വിലയേറിയ രത്നങ്ങളും ലോഹങ്ങളും പതിച്ച ശിലകളാണ് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. അയോധ്യയിൽ നടക്കുന്ന ഈ കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മാഫിയയെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
കാണിക്കപ്പണവും വിലപിടിപ്പുള്ള ശിലകളും കാണാതായ സംഭവങ്ങൾ ദശലക്ഷക്കണക്കിന് രാമഭക്തരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കാണിക്കപ്പണത്തിൽ മാത്രം ഏകദേശം അഞ്ച് മുതൽ ഏഴ് കോടി രൂപ വരെയുള്ള കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒരു ക്ഷേത്ര ജീവനക്കാരന്റെ വീട്ടിൽ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ കണ്ടെത്തുകയും പണം എണ്ണാൻ നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുങ്ങിയ ശമ്പളമുള്ള ചില ജീവനക്കാരുടെ ആസ്തികളിലുണ്ടായ സംശയാസ്പദമായ വർദ്ധനവും അന്വേഷണസംഘം നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ, സർക്കാർ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണത്തെ അഖിലേഷ് യാദവ് ശക്തമായി പരിഹസിച്ചു. ബിജെപിയുടെ ഭരണത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികൾക്ക് പകരം ഇത്തരം ക്രമക്കേടുകൾ ഒതുക്കിത്തീർക്കാൻ എസ്ഐടികളാണ് രൂപീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രത്തിലെ ധനകാര്യ ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും, എന്തെങ്കിലും തരത്തിലുള്ള അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് താൽക്കാലികമായി പണം എണ്ണാൻ നിയോഗിച്ച പുറംകരാർ ജീവനക്കാരുടെ ഭാഗത്തുനിന്ന് മാത്രമാണെന്നുമാണ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ വാദം. പ്രധാന ഭാരവാഹികൾക്ക് ഇതിൽ പങ്കില്ലെന്ന് ട്രസ്റ്റ് ആവർത്തിക്കുമ്പോഴും, സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച് സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഈ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ ഹൈക്കോടതിയിലെ നിലവിലുള്ള ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ സമയബന്ധിതമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാക്കൾ.