‘ചിലര്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കും, എന്നാൽ മനസ്സിൽ എന്താണോ ഉള്ളത് അതേപടി മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് നമ്മുടെ മുഖ്യമന്ത്രി’; ധ്യാൻ ശ്രീനിവാസൻ
കൊച്ചി: മലയാളികളുടെ പ്രിയതാരവും ‘ഇന്റർവ്യൂ സ്റ്റാർ’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുകയും ചെയ്യുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. പൊതുവേദികളിലെ ധ്യാനിന്റെ രസകരമായ പ്രസംഗങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഭാവിയിൽ താൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോൾ മുൻനിരയിൽ നവ്യ നായർ ഉണ്ടാകണമെന്ന് അടുത്തിടെ ഒരു വേദിയിൽ ധ്യാൻ പറഞ്ഞത് വലിയ തോതിൽ വൈറലായിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് താരം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു ധ്യാനിന്റെ പുതിയ പ്രതികരണം. ഇതോടൊപ്പം മുഖ്യമന്ത്രി വി.ഡി സതീശനെക്കുറിച്ചും അദ്ദേഹം വേദിയിൽ വാചാലനായി.
താൻ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞത് വെറുമൊരു തമാശ മാത്രമായിരുന്നുവെന്ന് ധ്യാൻ വ്യക്തമാക്കി. ഞാൻ സി.എം ആകുമെന്ന് പറഞ്ഞപ്പോൾ ഹൈബി ചേട്ടൻ (ഹൈബി ഈഡൻ) എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും, നിങ്ങൾ മുഖ്യമന്ത്രിയാകുമ്പോൾ ഞാൻ പ്രതിപക്ഷ നേതാവായിക്കോളാമെന്നും അതിനാൽ ഇതിൽ ടെൻഷൻ വേണ്ടെന്നുമാണ് തനിക്ക് അദ്ദേഹത്തോട് പറയാനുള്ളതെന്നും ധ്യാൻ സരസമായി പറഞ്ഞു.
തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞേ മതിയാകൂ എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ തുടങ്ങിയത്. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഇരുവരും ഒരുമിച്ച് ഒരു വേദി പങ്കിട്ടിരുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നതുപോലെ, മനസ്സിലുള്ളതെല്ലാം ചിലരുടെ മുഖത്ത് വ്യക്തമായി കാണാൻ സാധിക്കും. ദേഷ്യവും വിഷമവുമെല്ലാം അതിലുണ്ടാകും. എന്നാൽ ചിലർ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന പ്രകൃതക്കാരായിരിക്കും. അങ്ങനെയുള്ള നിരവധി പേരെ നമ്മൾ കണ്ടിട്ടുമുണ്ടാകും. എന്നാൽ മനസ്സിലുള്ളതെന്തും തുറന്നു പറയുകയും അത് മുഖത്ത് കാണിക്കുകയും ചെയ്യുന്ന താൻ കണ്ട ചുരുക്കം ചില ആളുകളിൽ ഒരാളാണ് സി.എം വി.ഡി സതീശൻ സർ എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.