‘മോദിയുടെ പ്രസംഗം കേൾക്കാൻ ബുദ്ധിമുട്ടില്ലാത്ത ചിലർ, ബാങ്കുവിളിയും നിസ്കാര ശബ്ദവും കേൾക്കുമ്പോൾ പ്രശ്നമുണ്ടാക്കുന്നു’ -അസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവ്വഹിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവർ, ആ നിയമം എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾക്കും ഒരുപോലെ ബാധകമാക്കാൻ തയ്യാറാകണമെന്ന് എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മറ്റ് മതവിഭാഗങ്ങളുടെ വലിയ റാലികളും പ്രകടനങ്ങളും ഭക്തിപുരസ്സരമായ ഒത്തുചേരലുകളും പൊതുവഴികളിൽ തടസ്സമില്ലാതെ നടക്കുമ്പോൾ ആർക്കും പരാതിയില്ലെന്നും, എന്നാൽ മുസ്‌ലിംകളുടെ നമസ്‌കാരത്തിന് നേരെ മാത്രം വിരൽ ചൂണ്ടുന്നത് വ്യക്തമായ ഇരട്ടത്താപ്പാണെന്നും ഉവൈസി കുറ്റപ്പെടുത്തി. “ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ മറക്കരുത്. റോഡിൽ പ്രാർത്ഥിക്കുന്നത് തെറ്റാണെങ്കിൽ, എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ റോഡിൽ നടത്തുന്നത് തെറ്റാണെന്ന് പറയണം. മറ്റുള്ളവരുടെ ഉത്സവകാലത്ത് ഇറച്ചിക്കടകൾ നിർബന്ധപൂർവ്വം അടച്ചിടണമെന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, റമദാനിലെ 30 ദിവസവും രാജ്യത്തെ മദ്യഷാപ്പുകൾ അടച്ചിടാൻ ഭരണകൂടം തയ്യാറാകുമോ?” ഉവൈസി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസംഗങ്ങളും റാലികളും കേൾക്കാൻ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, എന്നാൽ ബാങ്ക് വിളിയും നമസ്‌കാരവും കേൾക്കുമ്പോൾ മാത്രം ചിലർ പ്രശ്‌നമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചില ഹൈന്ദവ ഉത്സവങ്ങളുടെ ഭാഗമായി മുട്ട, ഇറച്ചി, കോഴി എന്നിവയുടെ വില്പന നിരോധിക്കുന്ന രീതിയെ ചോദ്യം ചെയ്‌ത ഉവൈസി, ഇത് എന്തുതരം നിയമമാണെന്നും ആരാഞ്ഞു. മുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാനും അവരെ അടിച്ചമർത്താനുമുള്ള ബോധപൂർവ്വമായ വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനോ ബക്രീദോ പോലുള്ള പ്രധാന മുസ്‌ലിം ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ബാങ്കിനും നമസ്‌കാരത്തിനുമെതിരെയുള്ള വിവാദങ്ങൾ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഉയർത്തിക്കൊണ്ടുവരുന്നത്. എല്ലാ ദിവസവുമല്ല, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിനോ പെരുന്നാൾ ദിവസങ്ങളിലോ മാത്രമാണ് പള്ളികളിൽ സ്ഥലം തികയാതെ വരുമ്പോൾ റോഡുകളിൽ ആളുകൾ കൂടുന്നത്. ഇന്ത്യയിൽ എല്ലാ മതങ്ങളുടെയും വലിയ ഉത്സവങ്ങൾ പൊതുനിരത്തുകളിലാണ് നടക്കുന്നത്. എന്നാൽ അതൊന്നും കാണാത്തവർക്ക് നമസ്‌കാരം കാണുമ്പോൾ മാത്രം കാഴ്ച നഷ്ടപ്പെടുകയാണെന്നും ഉവൈസി പരിഹസിച്ചു.
പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകളെച്ചൊല്ലി രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് ഉവൈസിയുടെ ഈ പ്രതികരണം. ഗതാഗത തടസ്സം ഒഴിവാക്കാനെന്ന പേരിൽ പൊതുനിരത്തുകളിലെ മതപരമായ ഒത്തുചേരലുകൾക്ക് പല സംസ്ഥാനങ്ങളും അടുത്തിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച് റോഡുകൾ തടഞ്ഞ് പ്രാർത്ഥന നടത്താൻ അനുമതി നൽകരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പശ്ചിമ ബംഗാളിലും കൊൽക്കത്തയിലെ റെഡ് റോഡിൽ പരമ്പരാഗതമായി നടക്കാറുള്ള ഈദ് സംഗമം ഇത്തവണ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു.