26/07/2026
[fontresizer_tawhidurrahmandear_widget]

മുഗൾ ചരിത്രമുറങ്ങുന്ന ജലാലാബാദ് ഇനി ‘പരശുറാംപുരി’; പേരുമാറ്റത്തിന് അംഗീകാരം നൽകി യു.പി സർക്കാർ

 മുഗൾ ചരിത്രമുറങ്ങുന്ന ജലാലാബാദ് ഇനി ‘പരശുറാംപുരി’; പേരുമാറ്റത്തിന് അംഗീകാരം നൽകി യു.പി സർക്കാർ

ലക്ക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലുള്ള പ്രധാന ചരിത്രനഗരമായ ജലാലാബാദിന്റെ പേര് സംസ്ഥാന സർക്കാർ മാറ്റി. ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം നഗരത്തെ ‘പരശുറാംപുരി’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകി.

വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മസ്ഥലമാണ് ഈ നഗരമെന്ന ഹൈന്ദവ വിശ്വാസവും, നഗരത്തിന്റെ സാംസ്കാരിക പ്രാധാന്യവും പരിഗണിച്ച് പേരുമാറ്റണം എന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ജലാലാബാദ് നഗർ പാലിക പരിഷാദ് എന്നത് ഇനി മുതൽ പരശുറാംപൂരി നഗർ പാലിക പരിഷാദ് എന്ന് അറിയപ്പെടും.

പേരുമാറ്റുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന മന്ത്രിസഭയുടെ അന്തിമ തീരുമാനം വന്നിരിക്കുന്നത്. സർക്കാർ രേഖകളിലും ഔദ്യോഗിക ഡോക്യുമെന്റുകളിലും പുതിയ പേര് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഷാജഹാൻപൂർ എം.എൽ.എ കൂടിയായ സംസ്ഥാന ധനമന്ത്രി സുരേഷ് കുമാർ ഖന്ന വ്യക്തമാക്കി.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മുഗൾ കാലഘട്ടവുമായി ബന്ധപ്പെട്ട നിരവധി നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പേരുകൾ മാറ്റിയിരുന്നു. സാംസ്കാരിക സ്വത്വം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ എന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിനുമുമ്പ് അലഹബാദിനെ പ്രയാഗ്‌രാജ് എന്നും, ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ വർഷം മുസ്തഫാബാദ് എന്ന ഗ്രാമത്തിന്റെ പേര് കബീർധാം എന്നും മാറ്റിയിരുന്നു.

Also read: