04/08/2026
[fontresizer_tawhidurrahmandear_widget]

‘മദ്രസകൾ ഭീകരരെ സൃഷ്ടിക്കുന്ന ഫാക്ടറികൾ’; വിദ്വേഷ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

 ‘മദ്രസകൾ ഭീകരരെ സൃഷ്ടിക്കുന്ന ഫാക്ടറികൾ’; വിദ്വേഷ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലഖ്നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മദ്രസകൾക്കെതിരെ നടത്തിയ പുതിയ വിദ്വേഷ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ആകട്ടെ, മദ്രസകൾ അപ്രഖ്യാപിതമായി ഭീകരവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറികളാണെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചത്. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്നടങ്കം ഭീകരവാദവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി നടത്തിയ ഈ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ മദ്രസ വിദ്യാഭ്യാസ സംവിധാനത്തെ വിമർശിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കവെയാണ് മൗര്യ ഈ വിവാദ പ്രസ്താവന നടത്തിയത്. കൊൽക്കത്തയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ തസ്‌ലീമ നസ്‌റിൻ മദ്രസകൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സർക്കാരിന്റെ കൃത്യമായ മേൽനോട്ടമില്ലാതെയാണ് പല മദ്രസകളും പ്രവർത്തിക്കുന്നതെന്നും, ചില സ്ഥാപനങ്ങൾ അന്യമതസ്ഥരോട് വെറുപ്പ് വളർത്തുകയും ‘ജിഹാദികളെ’ സൃഷ്ടിക്കുന്ന ഫാക്ടറികളായി മാറുകയും ചെയ്തുവെന്നാണ് അവർ പറഞ്ഞത്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ഇത്തരം മതമൗലികവാദികളുമായി സർക്കാരുകൾ വിട്ടുവീഴ്ച ചെയ്യുകയാണെന്നും എല്ലാ മദ്രസകളുടെയും നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

തസ്‌ലീമയുടെ ഈ വാക്കുകളെ ശരിവെച്ചുകൊണ്ടാണ് യു.പി ഉപമുഖ്യമന്ത്രി മദ്രസകൾക്കെതിരെ കടുത്ത വിദ്വേഷ പരാമർശം നടത്തിയത്. എന്നാൽ മൗര്യയുടെ ഈ പ്രതികരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കാനുമാണ് ബി.ജെ.പി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉത്തർപ്രദേശിൽ മദ്രസകളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ പുകയുന്നുണ്ട്. സംസ്ഥാനത്തെ അനധികൃത മദ്രസകളെ കണ്ടെത്താനെന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സർക്കാർ നടപടി നേരത്തെ തന്നെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു വിദേശ ഫണ്ടുകൾ സ്വീകരിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ അന്വേഷണ സംഘം സർക്കാരിനോട് ശുപാർശ ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു . ഈ പശ്ചാത്തലത്തിൽ കൂടിയാണ് മദ്രസകളെ തീവ്രവാദ ഫാക്ടറികളെന്ന് വിളിച്ച് ഉപമുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത് എന്നത് വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. വിദ്വേഷം പടർത്തുന്ന ഇത്തരം പ്രസ്താവനകൾ പിൻവലിച്ച് അദ്ദേഹം മാപ്പുപറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Also read: