ഇനി തെരഞ്ഞെടുപ്പ് മത്സരിക്കാനില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: 2028ല കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പ്രായവും നിലവിലെ രാഷ്ട്രീയരംഗത്ത് നിലനിൽക്കുന്ന അഴിമതിയുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2028ലെ തിരഞ്ഞെടുപ്പാവുമ്പോഴേക്കും തനിക്ക് 82 വയസ്സാകുമെന്നും, മുൻപത്തെപ്പോലെ ഊർജ്ജസ്വലമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മണ്ഡലമായ വരുണയിലെ ജനങ്ങളും പ്രാദേശിക നേതാക്കളും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും, സജീവ മത്സര രംഗത്ത് നിന്ന് പിന്മാറാൻ തന്നെയാണ് താൻ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. രാഷ്ട്രീയത്തിലെ അനാവശ്യമായ പണക്കൊഴുപ്പും വർധിച്ചുവരുന്ന അഴിമതി സംസ്‌കാരവും തന്നെ ഏറെ നിരാശനാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മത്സരരംഗത്ത് നിന്ന് പിന്മാറിയാലും പൊതുരംഗത്തും സജീവ രാഷ്ട്രീയത്തിലും താൻ തുടരുമെന്നും, പാർട്ടിക്ക് വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.