29/09/2026
[fontresizer_tawhidurrahmandear_widget]

“ഇന്ത്യ 1000 മടങ്ങ് സുരക്ഷിതം”; ലണ്ടനിലെത്തിയ ആദ്യ ദിവസം തന്നെ മോഷണത്തിന് ഇരയായി; സാഹസികമായി രക്ഷപ്പെട്ട് ബെംഗളൂരു സിഇഒ

 “ഇന്ത്യ 1000 മടങ്ങ് സുരക്ഷിതം”; ലണ്ടനിലെത്തിയ ആദ്യ ദിവസം തന്നെ മോഷണത്തിന് ഇരയായി; സാഹസികമായി രക്ഷപ്പെട്ട് ബെംഗളൂരു സിഇഒ

ലണ്ടൻ: ലണ്ടനിലെത്തിയ ആദ്യ ദിവസം തന്നെ നേരിടേണ്ടി വന്ന മോഷണശ്രമത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ എതീരിയൽ മെഷീൻസിന്റെ സിഇഒയും സഹസ്ഥാപകനുമായ കൗശിക് മുദ്ദയുടെ സമൂഹമാധ്യമ കുറിപ്പ് വലിയ ചർച്ചയാകുന്നു.

മധ്യ ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് പുറത്തുവെച്ചാണ് അദ്ദേഹത്തിന് നേരെ മോഷണശ്രമമുണ്ടായത്. ടാക്സിയുടെ ഡിക്കിയിൽ ലഗേജ് വെച്ച് കാറിലിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരാളെത്തി ടയർ പഞ്ചറാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുകയായിരുന്നു. ഇതുകേട്ട് പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരാൾ ഡിക്കിയിൽ നിന്ന് ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുന്നത് അദ്ദേഹം കണ്ടത്.

തട്ടിപ്പിന്റെ രീതി മനസ്സിലാക്കിയ കൗശിക് ഉടൻ തന്നെ മോഷ്ടാവിനെ തള്ളിയിട്ട ശേഷം തന്റെ ബാഗ് തിരികെ പിടിച്ചുവാങ്ങി. ഇതോടെ മോഷ്ടാക്കൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് അദ്ദേഹം തന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ സംഭവത്തിന് പിന്നാലെ, ലണ്ടനേക്കാൾ 1000 മടങ്ങ് സുരക്ഷിതമാണ് ഇന്ത്യയെന്നും അദ്ദേഹം പ്രതികരിച്ചു.

അദ്ദേഹത്തിന്റെ ഈ കുറിപ്പ് വൈറലായതോടെ ലണ്ടൻ നഗരത്തിലെ വർദ്ധിച്ചുവരുന്ന മോഷണങ്ങളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ മോഷണം പോകുന്ന നഗരങ്ങളിലൊന്നാണ് ലണ്ടനെന്നും, സമാനമായ ദുരനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്നും പലരും പോസ്റ്റിന് താഴെ പ്രതികരിച്ചു. അതേസമയം, ഒരു ഒറ്റപ്പെട്ട അനുഭവം വെച്ച് മാത്രം ഇത്തരം വിലയിരുത്തലുകൾ നടത്താനാകില്ലെന്നും, ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്ന കുറ്റകൃത്യങ്ങൾ കാണുന്നില്ലേയെന്നുമുള്ള മറുചോദ്യങ്ങളും ചിലർ ഉയർത്തുന്നുണ്ട്.

Also read: