21/07/2026
[fontresizer_tawhidurrahmandear_widget]

‘മോദിയും ട്രംപും ഉറ്റസുഹൃത്തുക്കൾ’; അമേരിക്കൻ പ്രസിഡന്റ് അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് മാർക്കോ റൂബിയോ

 ‘മോദിയും ട്രംപും ഉറ്റസുഹൃത്തുക്കൾ’; അമേരിക്കൻ പ്രസിഡന്റ് അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് മാർക്കോ റൂബിയോ

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയെയും വാനോളം പുകഴ്ത്തി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ് ഹൗസിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചും മോദി-ട്രംപ് സൗഹൃദത്തെക്കുറിച്ചും വ്യക്തമാക്കിയത്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണെന്ന് തുറന്നുപറഞ്ഞ അദ്ദേഹം, മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉറ്റസൗഹൃദം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ വളരെ നിർണായകമാണെന്നും ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടം അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയായാണ് ഇന്ത്യയെ പരിഗണിക്കുന്നതെന്നും റൂബിയോ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന സുപ്രധാന വിവരവും മാർക്കോ റൂബിയോ പങ്കുവെച്ചു. ഈ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഈ വർഷം അവസാനത്തോടെ താൻ ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികം, വിതരണശൃംഖലകൾ, ഊർജം, സുരക്ഷ, സമുദ്രസഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക കുതിപ്പിനെയും ലോകരാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സ്വാധീനത്തെയും റൂബിയോ പ്രത്യേകം അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും തമ്മിലുള്ള സമാനതകൾ ഇരു രാജ്യങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കാനുള്ള വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപുറമെ അമേരിക്കയുടെ വളർച്ചയിൽ ഇന്ത്യൻ വംശജർ നൽകുന്ന വലിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ അമേരിക്കൻ സമൂഹം രാജ്യത്തെ കൂടുതൽ സമ്പന്നമാക്കുകയാണെന്നും, ഇന്ത്യ-അമേരിക്ക ബന്ധം ദൃഢമാക്കുന്നതിലെ സുപ്രധാന കണ്ണികളാണ് അവരെന്നും മാർക്കോ റൂബിയോ ഓർമ്മിപ്പിച്ചു.

Also read: