‘ലോകനേതാക്കൾ എത്തുമ്പോൾ തുണി കൊണ്ട് ദാരിദ്ര്യം ഒളിപ്പിക്കുന്നു’; ബ്രിക്സ് ഉച്ചകോടിയുടെ പേരിൽ ചേരികൾ മറച്ച കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എഎപി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾ തലസ്ഥാനത്തേക്ക് എത്തുമ്പോൾ, ദാരിദ്ര്യം ഒളിപ്പിച്ചു വെക്കാനായി ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികൊണ്ട് മറച്ചുവെച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി). എത്ര ശ്രമിച്ചാലും യാഥാർഥ്യം മറച്ചുവെക്കാനാകില്ലെന്നും വിദേശപ്രതിനിധികൾക്ക് മുന്നിൽ രാജ്യത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എഎപി ആരോപിച്ചു.
വസന്ത് കുഞ്ചിലെ ചേരി പ്രദേശങ്ങൾ ഉൾപ്പെടെ കൂറ്റൻ തുണികളും പർദകളും ഉപയോഗിച്ച് മറച്ച സംഭവത്തിലാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിന്റെ പാവപ്പെട്ട മുഖം മറച്ചുപിടിക്കുന്നതിലൂടെ അവിടുത്തെ വികസനപ്രശ്നങ്ങൾ ഇല്ലാതാകുന്നില്ലെന്ന് പാർട്ടി വക്താക്കൾ ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും പ്രതിനിധികളും തലസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. സാമ്പത്തിക-വ്യാപാര മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും ആഗോള വിപണിയിലെ പ്രതിസന്ധികൾ മറികടക്കുന്നതിനുമുള്ള ചർച്ചകൾക്കാണ് ഉച്ചകോടി വേദിയാകുന്നത്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ വൈകിട്ട് 5.45-ന് നിർണായക ഉഭയകക്ഷി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിർത്തി തർക്കങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. എന്നാൽ ഉച്ചകോടിയുടെ തിളക്കത്തിനിടയിലും ചേരി പ്രദേശങ്ങൾ മറച്ചുവെച്ചതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ ഡൽഹിയിൽ കനക്കുകയാണ്.