ഇറാൻ പ്രസിഡൻ്റ് ഹിന്ദു സന്യാസിയുടെ കാൽതൊട്ടു വന്ദിച്ചെന്ന ജനം ടിവി യുടെ വ്യാജപ്രചരണം പൊളിഞ്ഞു
ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഹിന്ദു സന്യാസിയുടെ കാൽതൊട്ട് വന്ദിച്ചെന്ന രീതിയിൽ ജനം ടിവി നൽകിയ വാർത്ത വസ്തുതാവിരുദ്ധമെന്ന് റിപ്പോർട്ട്. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടന്ന മതനേതാക്കളുടെ യോഗത്തിനിടയിലെ ദൃശ്യങ്ങൾ വളച്ചൊടിച്ചാണ് ചാനൽ ഇത്തരം വാർത്ത പ്രചരിപ്പിച്ചത്.
യോഗത്തിനിടെ സംസാരിക്കുന്നതിനിടയിൽ പ്രസിഡന്റിന്റെ കൈവശമുണ്ടായിരുന്ന പേപ്പർ അബദ്ധത്തിൽ നിലത്തു വീഴുകയായിരുന്നു. ഇതെടുക്കാൻ അദ്ദേഹം താഴേക്ക് കുനിഞ്ഞെങ്കിലും, തൊട്ടുമുന്നിലുണ്ടായിരുന്ന സന്യാസി പേപ്പറെടുത്ത് നൽകുകയായിരുന്നു. തികച്ചും സ്വാഭാവികമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ മാത്രമെടുത്ത് തെറ്റായ രീതിയിലാണ് പ്രചരിപ്പിച്ചത്.
ദൃശ്യങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ‘ഇറാൻ ഇൻ അറബിക്’ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് രംഗത്തെത്തി. ഇന്ത്യൻ സന്യാസിയുടെ പാദം തൊട്ടെന്ന പ്രചാരണം തെറ്റാണെന്നും, താഴെ വീണ പേപ്പറെടുക്കാൻ പ്രസിഡന്റ് കുനിയുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റിന് പുറമെ അംഗരാജ്യങ്ങളിലെ വിവിധ രാഷ്ട്രത്തലവന്മാരും വിദേശകാര്യ പ്രതിനിധികളും നിലവിൽ ന്യൂഡൽഹിയിലുണ്ട്.