30/07/2026
[fontresizer_tawhidurrahmandear_widget]

ചണ്ഡിഗഡിൽ പ്രതിഷേധം; എംഎൽഎ അടക്കം കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ എഫ്‌ഐആർ

 ചണ്ഡിഗഡിൽ പ്രതിഷേധം; എംഎൽഎ അടക്കം കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ എഫ്‌ഐആർ

ചണ്ഡീഗഡ്: ചണ്ഡീഗഡിൽ നടന്ന പ്രക്ഷോഭത്തിൽ എം.എൽ.എ മൻപ്രീത് സിങ് അയാലി ഉൾപ്പെടെ പതിനഞ്ചോളം പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും കണ്ടാലറിയാവുന്ന മൂവ്വായിരത്തോളം പ്രതിഷേധക്കാർക്കുമെതിരെ പോലീസ് കേസ് എടുത്തു. ജയിലിൽ കഴിയുന്ന എം.പി അമൃത്പാൽ സിങ് ഉൾപ്പെടെയുള്ള സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ വസതിയിലേക്ക് അകാലിദൾ (വാരിസ് പഞ്ചാബ് ദേ) പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് പോലീസ് നടപടി.

ചണ്ഡീഗഡിലെ ഗൗശാല തെരുവിൽ നിരോധനാജ്ഞ നിലനിൽക്കെ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്.എസ്.പി കൻവർദീപ് കൗർ ഉൾപ്പെടെ പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രക്ഷോഭകർ വാളുകളും മഴുവടക്കമുള്ള മാരകായുധങ്ങളുമായാണ് എത്തിയതെന്നും പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് വഴി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. എന്നാൽ പ്രക്ഷോഭകർ പോലീസിന്റെ വാട്ടർ പീരങ്കി വാഹനം കയ്യേറുകയും അതിന്റെ നോസിലുകൾ തകർക്കുകയും െ്രെഡവറായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഗുർജീത് സിങ്ങിനെ മർദിച്ച് കൈ ഒടിക്കുകയും ചെയ്തു.

കേസിൽ എം.എൽ.എ മൻപ്രീത് സിംഗ് അയാലിക്ക് പുറമെ മുൻ എം.എൽ.എ അജീബ് സിങ് മഖമൈൽപൂർ, സതീന്ദർജിത് സിങ് ഗിൽ, കബൽ സിങ് ഭുള്ളർ, ജഗ്ദീപ് സിങ് കൻസാല, ഇഖ്ബാൽ സിങ് എന്നിങ്ങനെ 14 പ്രമുഖരെയാണ് പേരെടുത്ത് പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിങ്ങുകളും പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റുള്ളവരെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Also read: