26/07/2026
[fontresizer_tawhidurrahmandear_widget]

ഭർത്താവുമായി വേർപിരിഞ്ഞു, വിദേശത്തുനിന്നെത്തി രഹസ്യ പ്രസവം; കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയില്‍

 ഭർത്താവുമായി വേർപിരിഞ്ഞു, വിദേശത്തുനിന്നെത്തി രഹസ്യ പ്രസവം; കോഴിക്കോട് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ പിടിയില്‍

കോഴിക്കോട്: പ്രസവിച്ച് 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയെ പത്തനംതിട്ടയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസും സിറ്റി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. വിദേശത്തുനിന്നും എത്തിയ യുവതി വ്യാജ വിലാസം നൽകിയാണ് ആശുപത്രിയിൽ പ്രവേശനം നേടിയത്.

ഈ മാസം എട്ടിനാണ് യുവതി ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. വയനാട് സ്വദേശി എന്ന വിലാസമാണ് ഇവർ ആശുപത്രി രേഖകളിൽ നൽകിയിരുന്നത്. യുവതിയുടെ സുഹൃത്തിന്റെ അമ്മയായിരുന്നു ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി ഉണ്ടായിരുന്നത്. വിദേശത്തായിരുന്നപ്പോൾ ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് രഹസ്യമായി കോഴിക്കോടെത്തി പ്രസവിച്ചതെന്നും കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും യുവതി പൊലീസിനോട് സൂചിപ്പിച്ചു. അതേസമയം, യുവതി ഗർഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാരുടെ മൊഴി. ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രസവശേഷം ഇവർ ഈ മാസം 12നാണ് ആശുപത്രിയിൽ നിന്നും മടങ്ങിയത്. പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അൽപനേരം നോക്കാനേൽപ്പിച്ച് കൂട്ടിരിപ്പുകാരിയായ സ്ത്രീയുടെ കയ്യിൽ നൽകിയ ശേഷം യുവതി കടന്നുകളഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും യുവതി തിരികെ വരാതിരുന്നതോടെയാണ് കൂട്ടിരിപ്പുകാരി വെള്ളിയാഴ്ച വൈകിട്ടോടെ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശിനിയാണെന്ന് കണ്ടെത്തിയത്.

കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയതിനെ തുടർന്ന് രാത്രിയോടെ തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കുഞ്ഞിനെ കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി ആവശ്യമായ പരിചരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also read: