ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിന്റെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ, പണം മാറ്റിയത് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക്
കോന്നി: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫിസറെ പൊലീസ് അറസ്റ്റ് ചെയ്തു. വകയാർ മ്ലാന്തടം പുത്തൻവീട് എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് ഇൻസ്പെക്ടർ വി.എസ്. കിരണിന്റെ നേതൃത്വത്തിൽ മ്ലാന്തടത്തു നിന്ന് പിടികൂടിയത്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീട് നിർമിക്കുന്നതിനും നവീകരണത്തിനുമായി അനുവദിച്ച തുകയാണ് ഇവർ തട്ടിയെടുത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ തിരിമറി നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റുകയായിരുന്നു. സീതത്തോട്ടിൽ 51.23 ലക്ഷം രൂപയുടെയും തണ്ണിത്തോട്ടിൽ 2 ലക്ഷം രൂപയുടെയും തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
തണ്ണിത്തോട്, സീതത്തോട് പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തണ്ണിത്തോട് പൊലീസിൽ പരാതി ഉയർന്നതോടെ പണം തിരികെ നൽകി രക്ഷപ്പെടാനും ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നു. അരുവാപ്പുലം പഞ്ചായത്തിലും ഇവർ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുൻപ് ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് റാണി ലക്ഷ്മിക്കെതിരെ കോന്നി പൊലീസിൽ കേസ് നിലവിലുണ്ട്.