വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി; പത്തനംതിട്ടയിൽ വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലുമുക്ക് സ്വദേശിയും കെ.എസ്.ആർ.ടി.സി റിട്ടയേർഡ് ജീവനക്കാരനുമായ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്.
പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ റോഡിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിന് വേണ്ടിയാണ് ഇദ്ദേഹം പ്രത്യേകം ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. റോഡരികിൽ വാഹനം നിർത്തിയ ശേഷം വീട്ടിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. മാത്തുക്കുട്ടിയുടെ തല ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട ഭാര്യ ഉടൻ തന്നെ ഇത് വെട്ടിപ്പൊളിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.