21/07/2026
[fontresizer_tawhidurrahmandear_widget]

കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

 കോന്നി വിദ്യാർത്ഥിനിയുടെ പീഡന പരാതി വ്യാജം; മൊഴിമാറ്റി പെൺകുട്ടി, പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

കോന്നി: സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി തന്റെ മുൻ മൊഴി മാറ്റിപ്പറയുകയും ചെയ്തു. വൈദ്യപരിശോധനാ റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്‌ച രാത്രി തന്നെ പോലീസ് വിട്ടയച്ചു. പ്രണയനൈരാശ്യമാണ് ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് പോലീസിന്റെ നീക്കം.

കോന്നിയിലെ കൂടൽ സ്റ്റേഷൻ പരിധിയിലുള്ള സ്കൂ‌ളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നാലെ പ്രായപൂർത്തിയാകാത്ത നാലുപേരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എന്നാൽ, പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും തുടക്കം മുതലേ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇവരെ വിട്ടയക്കാൻ പോലീസ് തീരുമാനിച്ചത്. വ്യാജപരാതി നൽകിയതുമായി ബന്ധപ്പെട്ട് ഉൾപ്പെടെ പോലീസ് കൂടുതൽ അന്വേഷണം നടത്തും. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ പെൺകുട്ടിയെ സ്‌കൂൾ പരിസരത്തും ശുചിമുറിയിൽ വെച്ചും കൂട്ടുകാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: