ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനം; ജനകീയ പോരാട്ടത്തിന്റെ വിജയമെന്ന് പി.കെ ഫിറോസ് എംഎൽഎ
പി.കെ ഫിറോസ്
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലും വർഷങ്ങളായി ഗുരുതരമായ മലിനീകരണ ഭീഷണി സൃഷ്ടിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. വെറുമൊരു കയ്യടിക്ക് വേണ്ടിയുള്ള പ്രഖ്യാപനമായിരുന്നില്ല ഇതെന്നും, നാളുകളായുള്ള ജനങ്ങളുടെ പ്രയാസം കൃത്യമായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെന്നും പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു.
പ്രദേശവാസികൾ വർഷങ്ങളായി നടത്തിവന്ന ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും ഫലമായാണ് പ്ലാന്റ് പൂട്ടാനുള്ള തീരുമാനമുണ്ടായതെന്ന് എം.എൽ.എ വ്യക്തമാക്കി. തന്റെ നിയമസഭയിലെ ആദ്യ സബ്മിഷനിലൂടെത്തന്നെ കരിമ്പാലംകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന ഗുരുതരമായ പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ സഭയുടെ മുൻപാകെ എത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്ലാന്റിലേക്ക് വെള്ളം കയറുകയും, അവിടെ സൂക്ഷിച്ചിരുന്ന കോഴിമാലിന്യങ്ങൾ സമീപപ്രദേശങ്ങളിലേക്കും പുഴയിലേക്കും ഒഴുകിപ്പോകുകയും ചെയ്യുന്ന ഗുരുതര സാഹചര്യമുണ്ടായിരുന്നു. തുടര്ന്ന് പ്ലാന്റ് നേരിട്ട് സന്ദർശിച്ച എം.എൽ.എ, അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴുണ്ടായ അടച്ചുപൂട്ടൽ തീരുമാനം.
നാല് ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുർഗന്ധവും മാലിന്യവും കാരണം വർഷങ്ങളായി ദുരിതജീവിതം നയിച്ചിരുന്നത്. പ്ലാന്റിലെ മാലിന്യപ്രശ്നം ഇവരുടെ ദൈനംദിന ജീവിതത്തെ തകിടം മറിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. നിലവിലെ സർക്കാർ തീരുമാനത്തിൽ വൻ ആശ്വാസത്തിലാണ് പ്രദേശവാസികൾ.