06/08/2026
[fontresizer_tawhidurrahmandear_widget]

‘പാർലമെന്റിൽ നിന്ന് അമിത് ഷാ ഒഴിഞ്ഞുമാറുന്നു’; മറുപടി പറയും വരെ പ്രതിഷേധം തുടരുമെന്ന് കെ.സി. വേണുഗോപാൽ

 ‘പാർലമെന്റിൽ നിന്ന് അമിത് ഷാ ഒഴിഞ്ഞുമാറുന്നു’; മറുപടി പറയും വരെ പ്രതിഷേധം തുടരുമെന്ന് കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ മറുപടി പറയാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചു കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. ആഭ്യന്തര മന്ത്രി നേരിട്ട് സഭയിലെത്തി വ്യക്തമായ വിശദീകരണം നൽകുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ അതിക്രമങ്ങളിലും പൊലീസ് നടപടിയിലും അമിത് ഷാ ഉത്തരം നൽകണം. സഭയെ നേരിടാതെ ഒളിച്ചോടുന്ന സമീപനം യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായ നിലപാടോടെയാണ് സഭയ്ക്കകത്ത് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിലും കേന്ദ്ര സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. വിശ്വാസികൾ നൽകിയ കാണിക്കപ്പണം ദുരുപയോഗം ചെയ്ത സംഭവത്തിൽ കേന്ദ്ര ഭരണകൂടം മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്ത നടപടി തികച്ചും പ്രതിഷേധാർഹമാണ്. ഇതോടൊപ്പം എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തങ്ങളുടെ ശക്തമായ എതിർപ്പ് ആവർത്തിച്ചു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും വേട്ടയാടാനും ലക്ഷ്യമിടാനുമുള്ള നീക്കമാണിതെന്നും ഒരു കാരണവശാലും ഈ ബിൽ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീലിമിറ്റേഷൻ വിഷയത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും മറ്റ് ചില സംസ്ഥാനങ്ങളെയും പിന്നാക്കം തള്ളുന്ന തരത്തിലുള്ള നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ സംരക്ഷിക്കുന്ന ഉറച്ച നിലപാടാണ് കോൺഗ്രസിനുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ശൈലിയെ കുറിച്ച് പറയുന്നതാരാ പഴയ മുഖ്യമന്ത്രിയല്ലേ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. അതേസമയം, പ്രളയബാധിതരായ കേരളത്തിന് കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗുരുതരമായ മഴക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Also read: