‘അമിത് ഷായ്ക്ക് ജയശ്രീറാം മുഴക്കാം; ഐപിഎസ് ഓഫീസർക്ക് അസ്സലാമു അലൈക്കും പറഞ്ഞുകൂടേ?’: ബുഷ്റ ബാനോ വിവാദത്തിൽ സിദ്ധാർത്ഥ് വരദരാജൻ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ കേഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്റ ബാനോയ്‌ക്കെതിരായ നടപടിയിൽ സർക്കാരിന്റെയും അധികൃതരുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ വയർ’ സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’ എന്ന് അഭിവാദ്യം ചെയ്തതിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കി ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ മതപരമായ മുദ്രാവാക്യങ്ങൾ പരസ്യമായി മുഴക്കാറുണ്ട്. എന്നാൽ, ‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്നർത്ഥം വരുന്ന ലളിതമായൊരു അഭിവാദ്യം ഉപയോഗിച്ചതിന്റെ പേരിൽ മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥയെ വേട്ടയാടുന്നത് എന്ത് നീതിയാണെന്ന് സിദ്ധാർത്ഥ് വരദരാജൻ ചോദിച്ചു. ‘എക്‌സി’ലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
വീഡിയോയിലെ പരാമർശത്തിനെതിരെ ‘ഹിന്ദു ലീഗൽ ഫണ്ട്’ നൽകിയ പരാതിക്ക് പിന്നാലെ ബുഷ്റ ബാനോയെ ഖരഗ്‌പൂർ അഡീഷണൽ എസ്പി സ്ഥാനത്തുനിന്ന് സ്റ്റേറ്റ് ആംഡ് പോലീസ് ഡെപ്യൂട്ടി കമാൻഡൻ്റായി സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റം പരാതിയെത്തുടർന്നാണെന്ന് സർക്കാർ പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥരുടെ മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂട സമ്മർദ്ദത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകക്ഷി നേതാക്കൾക്ക് പരസ്യമായി മതവികാരം പ്രകടിപ്പിക്കാൻ സർവ സ്വാതന്ത്ര്യം നൽകുകയും, അതേസമയം ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ അഭിവാദ്യത്തെപ്പോലും വൻ വിവാദമാക്കുകയും ചെയ്യുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും വരദരാജൻ ചൂണ്ടിക്കാട്ടി.