കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ്; കെ.സി വേണുഗോപാലിന്റെ ഇടപെടൽ ഫലം കണ്ടു
ന്യൂഡൽഹി: രൂക്ഷമായ ഊർജ പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി ഹിമാചൽ പ്രദേശിൽനിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് വൈദ്യുതി കൈമാറ്റത്തിന് ധാരണയായത്.
നിലവിൽ തമിഴ്‌നാടിന് നൽകിവരുന്ന വൈദ്യുതി വിഹിതത്തിൽ കുറവുവരുത്തിയാണ് ഹിമാചൽ പ്രദേശ് കേരളത്തിന് സഹായമെത്തിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ ഊർജക്ഷാമവും അധിക വൈദ്യുതിയുടെ ആവശ്യകതയും കെ.സി വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.
വൈദ്യുതി കൈമാറ്റത്തിന്റെ രീതി, സമയക്രമം, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ എന്നിവ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. അടിയന്തരമായി ലഭിക്കുന്ന അധിക വൈദ്യുതി സംസ്ഥാനത്തെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.