11/06/2026
[fontresizer_tawhidurrahmandear_widget]

‘വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരി, മറ്റു പാർട്ടികളിലെ എംപിമാരെ രാജിവെപ്പിച്ച് ബിജെപിയുടേതാക്കി മാറ്റുന്നു’ -കെ.സി. വേണുഗോപാൽ

 ‘വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരി, മറ്റു പാർട്ടികളിലെ എംപിമാരെ രാജിവെപ്പിച്ച് ബിജെപിയുടേതാക്കി മാറ്റുന്നു’ -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: രാജ്യത്ത് വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ നടക്കുന്നത് സീറ്റ് ചോരിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ കേന്ദ്രസർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പി.സി.സി അധ്യക്ഷന്മാരുടേയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിഷയം ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷന്മാരുടേയും യോഗത്തിൽ വിശദമായി ചർച്ചചെയ്‌തു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി മറ്റു പാർട്ടികളിൽനിന്നും എംപിമാരെ രാജിവെപ്പിച്ച് പിന്നീട് ബിജെപി എംപിമാരാക്കി മാറ്റുകയാണ്. വോട്ട് ചോരിക്ക് ശേഷം ഇപ്പോൾ സീറ്റ് ചോരിയാണ് നടക്കുന്നത്. ഇതിനെതിരേ നിയമപരമായും രാഷ്ട്രീയമായും പോരാടും’ കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടി യോഗം വിശദമായി ചർച്ചചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ, എൽ.പി.ജി വില ദിനംപ്രതി വർധിക്കുകയാണ്. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകുന്നില്ല. യുവാക്കൾ അവരുടെ ഭാവി ഓർത്ത് ആകെ ആശങ്കാകുലരാണ്. എവിടെയും തൊഴിലില്ലാത്ത അവസ്ഥയാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

Also read: