ബിജെപി, കോൺഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാൻ ഡിഎംകെ; ടിഎംസി-എഎപി-ആർജെഡി പാർട്ടികളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
ചെന്നൈ: ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ ഡിഎംകെ നീക്കം സജീവമാക്കുന്നു. സമാന ചിന്താഗതിയുള്ള പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ പുതിയൊരു സഖ്യമുണ്ടാക്കാനാണ് ഡിഎംകെയുടെ തീരുമാനം. രണ്ട് ദേശീയ പാര്‍ട്ടികളുമായി ചേരാന്‍ താല്‍പര്യമില്ലാത്ത പ്രാദേശിക പാര്‍ട്ടികളെയാണ് ഡിഎംകെ ഇതിനായി ലക്ഷ്യം വെക്കുന്നത്.
തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ ഇങ്ങനൊരു സഖ്യത്തിനായി ആലോചനയുണ്ടായിരുന്നുവെന്ന് സ്രോതസുകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായിരുന്നാലും ഡിഎംകെ സഖ്യം വിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എഎപി പാര്‍ട്ടികളുമായി ഇതിനോടകം സംസാരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘അവര്‍ക്ക് പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളില്‍ ഈ പാര്‍ട്ടികളെല്ലാം തന്നെ കോണ്‍ഗ്രസുമായി മോശം ബന്ധത്തിലാണുള്ളത്. അവര്‍ ബിജെപി വിരുദ്ധരുമാണ്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഒറ്റയ്ക്ക് തന്നെ ബിജെപിയെ എതിര്‍ക്കും. എല്ലാം ശരിയായി വന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ ഒരു മുന്നണി രൂപപ്പെടും’, മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഡിഎംകെ നിലവില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലെന്ന് കഴിഞ്ഞ ദിവസം ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കിയിരുന്നു. ‘കോണ്‍ഗ്രസ് ഭാഗമായ മുന്നണിയുടെ ഭാഗമാകില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. എഎപി നേരത്തെ തന്നെ മുന്നണി വിട്ടു. ഒരു ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടും’, എന്നായിരുന്നു ഇളങ്കോവന്റെ പ്രതികരണം.