22/07/2026
[fontresizer_tawhidurrahmandear_widget]

ചാനൽ ചർച്ചയിൽ അയോധ്യയിലെ ഫണ്ട് തട്ടിപ്പും മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതുംചോദ്യം ചെയ്തു; ഹിന്ദു ആക്ടിവിസ്റ്റിനെ ചെരിപ്പൂരി മർദിച്ച് ബിജെപി നേതാവ്

 ചാനൽ ചർച്ചയിൽ അയോധ്യയിലെ ഫണ്ട് തട്ടിപ്പും മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതുംചോദ്യം ചെയ്തു; ഹിന്ദു ആക്ടിവിസ്റ്റിനെ ചെരിപ്പൂരി മർദിച്ച് ബിജെപി നേതാവ്

ഹൈദരാബാദ്: അയാധ്യ ഫണ്ട് തട്ടിപ്പും രാഷ്ട്രീയ പ്രചാരണങ്ങൾക്കായി മതത്തെയും ദൈവങ്ങളെയും ഉപയോഗിക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ഉന്നയിച്ചതിനെ തുടർന്ന്, ഹിന്ദു ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ടി.വി. രമണമൂർത്തിക്ക് ചർച്ചയ്ക്കിടെ ക്രൂരമായ മർദ്ദനമേറ്റു. തെലങ്കാന ബിജെപി നേതാവായ കശ്യപ് റെഡ്ഡിയാണ് ക്യാമറകൾക്ക് മുന്നിൽ വെച്ച് ഇദ്ദേഹത്തെ ചെരുപ്പൂരി അടിച്ചത്. സമീപകാലത്ത് രാജ്യത്ത് വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങൾക്കും തർക്കങ്ങൾക്കും കാരണമായ രാമക്ഷേത്രത്തിലെ അഴിമതി ആരോപണങ്ങളാണ് ചർച്ചയ്ക്കിടെ രമണമൂർത്തി പ്രധാനമായും ഉയർത്തിയത്. കൂടാതെ, ലഖ്‌നൗവിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ ഹനുമാന്റെ വേഷം ധരിച്ച കലാകാരൻ നൃത്തം ചെയ്ത സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.

ദൈവത്തെ അവഹേളിക്കുന്ന രീതിയിലാണ് രാഷ്ട്രീയ റാലികളിൽ ഇത്തരം വേഷപ്പകർച്ചകൾ ഉപയോഗിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനുപുറമെ, പുരാണങ്ങളിലെ ദശാവതാര പോസ്റ്ററിൽ ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ഡിജിറ്റലായി വെച്ചുപിടിപ്പിച്ച ഒരു വാർത്താ ചിത്രവും അദ്ദേഹം ചർച്ചയ്ക്കിടെ ഉയർത്തിക്കാട്ടി. രാഷ്ട്രീയ ലാഭത്തിനായി മതത്തെയും ദൈവങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഭരണകൂട താല്പര്യങ്ങളുടെ തെളിവാണ് ഇതെന്നും രമണമൂർത്തി പാനലിൽ വാദിച്ചു.

ശ്രീകൃഷ്ണന്റെ ചിത്രത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് രമണമൂർത്തി ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സ്റ്റുഡിയോയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ശ്രീകൃഷ്ണ ഭഗവാന്റെ തല മാറ്റാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് അദ്ദേഹം ആവർത്തിച്ചപ്പോൾ, ഈ പരാമർശം ഇനിയും തുടരരുതെന്ന് പാനലിലുണ്ടായിരുന്ന കശ്യപ് ആക്ടിവിസ്റ്റ് രമണമൂർത്തിക്ക് കടുത്ത മുന്നറിയിപ്പ് നൽകി. എന്നാൽ ചോദ്യത്തിൽ ഉറച്ചുനിന്ന അദ്ദേഹത്തെ പ്രകോപിതനായ റെഡ്ഡി പെട്ടെന്ന് ചെരുപ്പൂരി ക്യാമറയ്ക്ക് മുന്നിൽ വെച്ച് രണ്ടുതവണ മുഖത്തടിക്കുകയായിരുന്നു. തത്സമയ സംപ്രേഷണത്തിനിടയിൽ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണത്തിൽ ഉടൻ തന്നെ കശ്യപിനെ ബന്ധപ്പെട്ടവർ ഇടപെട്ട് പുറത്താക്കുകയും, അതിനുശേഷമാണ് യൂട്യൂബ് ചാനൽ തങ്ങളുടെ തത്സമയ സംപ്രേഷണം പുനരാരംഭിക്കുകയും ചെയ്തത്.
മാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഈ സംഭവത്തിനെതിരെ ഉയരുന്നത്.

Also read: