21/07/2026
[fontresizer_tawhidurrahmandear_widget]

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ

 തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ഇനി പച്ചയില്ല, പകരം ‘കാവി’; പുതിയ യൂണിഫോം വിവാദത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ പരമ്പരാഗത പച്ച യൂണിഫോം കോട്ടുകൾ ഇനി ഓർമ്മയാകുന്നു. വർഷങ്ങളായി തുടർന്നുപോന്ന പച്ച നിറത്തിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം കോട്ടുകളാണ് തിരുവനന്തപുരം കോർപ്പറേഷൻ വിതരണം ചെയ്തത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കാഴ്ച കൂടുതൽ വ്യക്തമാക്കാനും പ്രതിഫലന ശേഷി (Reflectivity) കൂടിയ ഈ നിറമാണ് ഉചിതമെന്നതിനാലാണ് പുതിയ മാറ്റമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴിൽ 2017-ൽ ഹരിതകർമ്മ സേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. ഈ നിറം കണ്ടാണ് നാളിതുവരെ പൊതുജനങ്ങൾ ഇവരെ തിരിച്ചറിഞ്ഞിരുന്നതും. എന്നാൽ ബി.ജെ.പി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോടെ വർഷങ്ങളായി ധരിച്ചുപോന്ന പച്ച നിറം ഉപേക്ഷിക്കേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഒരുവിഭാഗം ജീവനക്കാർ. കോർപ്പറേഷൻ വിതരണം ചെയ്ത പുതിയ കിറ്റിൽ കാവി നിറത്തോട് സാമ്യമുള്ള കോട്ട്, മഞ്ഞ ഹെൽമെറ്റ്, കറുത്ത ഷൂ, കൈയുറകൾ, റെയിൻകോട്ട് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുത്തൻ യൂണിഫോമിന്റെ നിറത്തിലെ വിയോജിപ്പ് കാരണം ആദ്യം ഇത് കൈപ്പറ്റാൻ പല ജീവനക്കാരും തയ്യാറായിരുന്നില്ല. എന്നാൽ കോർപ്പറേഷൻ മേലധികാരികൾ കർശന നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഒടുവിൽ എല്ലാവർക്കും ഇത് വാങ്ങേണ്ടി വന്നു. പുതിയ വേഷം ധരിക്കാൻ മനസ്സുവരാത്ത പല ജീവനക്കാരും ഇത് ഡ്യൂട്ടി സമയത്ത് ബാഗിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ മറ്റ് ചിലരാകട്ടെ പുതിയ യൂണിഫോം ധരിച്ച് ജോലി ആരംഭിച്ചിട്ടുമുണ്ട്.

Also read: