‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും’; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി
മമത ബാനർജി
കൊൽക്കത്ത: പാർട്ടിയിലെ കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി രംഗത്ത്. ടി.എം.സി നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച മമത, തങ്ങളെ നിശബ്ദരാക്കാനോ പാർട്ടിയെ തകർക്കാനോ ഭരണകക്ഷിക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിഡിയോ സന്ദേശം പങ്കുവെച്ചു.
പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. “എന്നെ നിശബ്ദയാക്കാൻ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി നിങ്ങൾ ഒരു ശ്രമവും പാഴാക്കിയില്ല. പാർട്ടിയെ ഭയപ്പെടുത്താൻ ബി.ജെ.പി ഒരു കല്ലും ബാക്കിവെച്ചിട്ടില്ല,” അവർ പറഞ്ഞു. മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നിരന്തരമായ ആക്രമണങ്ങളും അപമാനങ്ങളും നേരിട്ടതായി അവർ കൂട്ടിച്ചേർത്തു.
തന്റെ പാർട്ടിയിലെ പല സഹപ്രവർത്തകരും നിലവിൽ കസ്റ്റഡിയിൽ കടുത്ത പീഡനങ്ങൾക്ക് ഇരയാകുകയാണെന്ന് മമത ആരോപിച്ചു. ചിലർ ലോക്കപ്പുകളിലെ തറയിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു, ചിലരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളുമായി നടത്തിക്കുന്നു, ചിലരുടെ തല മുണ്ഡനം ചെയ്തിട്ടുണ്ട്, മറ്റുള്ളവരെ ജയിലധികൃതർ അസഭ്യം പറയുകയാണ്. ഇതെല്ലാം പറയാൻ തനിക്ക് ലജ്ജ തോന്നുന്നുവെന്നും അവർ വ്യക്തമാക്കി. പാർട്ടിയെ അടിച്ചമർത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തൃണമൂൽ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഭയപ്പെടില്ലെന്നും മമത പറഞ്ഞു.
ബംഗാളിലെ ചില സർക്കാർ സ്‌കൂളുകളിൽ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം സസ്യാഹാരങ്ങൾ നൽകാനുള്ള തീരുമാനത്തെയും അവർ കുറ്റപ്പെടുത്തി. “ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് മുട്ട ലഭിക്കുന്നില്ല. എന്നിട്ടും നിങ്ങൾ ഇത്തരം വിചിത്രമായ കോമാളിത്തരങ്ങളുടെ തിരക്കിലാണ്. ഇതൊരിക്കലും ബംഗാളിന്റെ സംസ്കാരമായിരുന്നില്ല. ഞങ്ങളും 15 വർഷം അധികാരത്തിലുണ്ടായിരുന്നു. എന്നാൽ, പൊലീസിനെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ഒരിക്കലും ചെയ്യിപ്പിച്ചിട്ടില്ല. സ്‌കൂൾ കുട്ടികളുടെ ആവശ്യങ്ങളേക്കാൾ രാഷ്ട്രീയ പ്രതികാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്,” മമത പറഞ്ഞു.
‘ഗോദി മീഡിയ’ എന്ന് താൻ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മമത ഫെയ്‌സ്ബുക്ക് ലൈവ് വഴി ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി നേതാവായ ഡെറിക് ഒബ്രിയാൻ അടക്കമുള്ളവർ ഈ വീഡിയോ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.