‘ക്ഷേത്രത്തിൽ പോലും കവർച്ച നടക്കുമ്പോൾ എന്ത് രാമരാജ്യം? ഈ വിശ്വഗുരു അവകാശവാദങ്ങൾ നിർത്തണം’ | Anuradha Paudwal on Ram Mandir theft
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത ഗായികയും പത്മശ്രീ ജേതാവുമായ അനുരാധ പോദ്‌വാൾ(Anuradha Paudwal on Ram Mandir theft). കേന്ദ്ര സർക്കാരിന്റെ ‘വിശ്വഗുരു’ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് അവർ നടത്തിയത്. രാജ്യത്തെ സാധാരണക്കാരുടെ വിദ്യാഭ്യാസ സൗകര്യങ്ങളും ക്രമസമാധാനവും തകരുമ്പോൾ വിശ്വഗുരു എന്ന് സ്വയം പുകഴ്ത്തുന്നത് വെറും വിഡ്ഢിത്തമാണെന്ന് അവർ തുറന്നടിച്ചു. രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയ്‌ക്കെതിരെയും അവർ കടുത്ത വിമർശനമുയർത്തി.
പ്രശസ്ത മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ്, മുൻപ് ബി.ജെ.പിയോട് അനുഭാവം പുലർത്തിയിരുന്ന അനുരാധ കേന്ദ്ര ഭരണകൂടത്തിന്റെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരം അക്കമിട്ട് നിരത്തി കടുത്ത ഭാഷയിൽ വിമർശിച്ചത്. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ മേഖല നേരിടുന്ന ദയനീയമായ അവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് അനുരാധ കേന്ദ്രത്തിന്റെ പി.ആർ നയങ്ങളെ കടന്നാക്രമിച്ചത്.
‘ഈ വിശ്വഗുരു വിഡ്ഢിത്തം അവസാനിപ്പിക്കണം’ | Anuradha Paudwal on Ram Mandir theft
”ഏതാനും വർഷങ്ങൾ മുൻപ് വരെ നമ്മൾ വിശ്വഗുരുവാകാൻ പോകുകയാണെന്ന് ഞാനും ശക്തമായി വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോൾ രാജ്യത്ത് ചുറ്റും നടക്കുന്നത് കാണുമ്പോൾ ആ വാദത്തിന് തികച്ചും വിപരീതമായ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇന്ത്യ എങ്ങനെ വിശ്വഗുരുവാകും? ഒന്നുകിൽ നമ്മൾ ഈ വിശ്വഗുരു എന്ന വിഡ്ഢിത്തം വിളിച്ചു പറയുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ താഴേത്തട്ടിൽ നടക്കുന്ന ഇത്തരം അസംബന്ധങ്ങൾ നിർത്തലാക്കണം.”-അനുരാധ പോദ്‌വാൾ ആവശ്യപ്പെട്ടു.
ഭാരതത്തെ വലിയൊരു വിജ്ഞാന സമൂഹമാക്കുമെന്ന് ഭരണാധികാരികൾ പ്രസംഗിക്കുമ്പോഴും രാജ്യത്ത് നിലവിൽ 93,000-ത്തിലധികം സർക്കാർ സ്‌കൂളുകൾ പൂട്ടിക്കിടക്കുകയാണെന്ന് അവർ ഓർമിപ്പിച്ചു. കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നൽകാൻ കഴിയാത്ത ഒരു രാജ്യത്തിന് വിശ്വഗുരു എന്ന പദവിക്ക് എന്ത് അടിത്തറയാണുള്ളതെന്നും ഗായിക ചോദിച്ചു.
വെറും അതിമോഹങ്ങളുടെയും അപ്രായോഗികമായ സ്വപ്നങ്ങളുടെയും പുറത്ത് മാത്രം ഒരു രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. യഥാർത്ഥ വികസനത്തിനായി ഭരണകൂടം താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും അവർ നിർദേശിച്ചു.
‘രാമരാജ്യമെന്ന് പറയുന്നു; ഇവിടെ ക്ഷേത്രത്തിൽ തന്നെ കവർച്ച നടന്നു’ | Anuradha Paudwal on Ram Mandir theft
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന സാമ്പത്തിക ക്രമക്കേടുകളെയും കവർച്ചാ കേസുകളെയും അനുരാധ പൗദ്‌വാൾ അഭിമുഖത്തിൽ പരാമർശിച്ചു. രാജ്യം രാമരാജ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ഭരണാധികാരികൾ അവകാശപ്പെടുന്നത്. എന്നാൽ, ഇവിടെ ദൈവത്തിന്റെ സ്വന്തം ക്ഷേത്രത്തിലെ നിധിശേഖരത്തിൽ പോലും കവർച്ച നടന്നിരിക്കുന്നുവെന്ന് അവർ പരിഹസിച്ചു.
താൻ ഇന്ത്യ ഒരു ആഗോള ശക്തിയാകുന്നതിന് ഒട്ടും എതിരല്ലെന്ന് വ്യക്തമാക്കിയ താരം, എന്നാൽ വിശ്വഗുരുവാകാൻ ആവശ്യമായ യഥാർത്ഥ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ആ മാനദണ്ഡങ്ങളുടെ കൃത്യമായ ഒരു പട്ടിക നൽകിയാൽ ജനങ്ങൾക്കും അതിനനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുമല്ലോ എന്ന് അവർ കൂട്ടിച്ചേർത്തു.
ഏറ്റെടുത്ത് പ്രതിപക്ഷം | Anuradha Paudwal on Ram Mandir theft
ദേശീയ അവാർഡും പത്മശ്രീയും നേടിയിട്ടുള്ള, ഭാരതത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഗായകരിലൊരാളായ അനുരാധ പോദ്‌വാളിന്റെ അഭിപ്രായ പ്രകടനം ബി.ജെ.പിയെയും മോദി സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഗായികയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ട്.
ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും കേന്ദ്ര ഏജൻസികളെ ഭയന്ന് സർക്കാരിനെതിരെ സംസാരിക്കാൻ മടിക്കുമ്പോൾ, സാംസ്‌കാരിക രംഗത്ത് നിന്നുള്ള ഇത്തരം തുറന്നുപറച്ചിലുകൾ ഭരണകൂടത്തിന്റെ വികസന നാടകങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടു.