23/07/2026
[fontresizer_tawhidurrahmandear_widget]

ജന്തർ മന്തറിലെ സമരത്തെ വിമർശിക്കാൻ ബിജെപിയുടെ വൻ തുക വാഗ്ദാനം; പിആർ തന്ത്രം തുറന്നുകാട്ടി യുവാവ്

 ജന്തർ മന്തറിലെ സമരത്തെ വിമർശിക്കാൻ ബിജെപിയുടെ വൻ തുക വാഗ്ദാനം; പിആർ തന്ത്രം തുറന്നുകാട്ടി യുവാവ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചതെന്ന് രൂപേഷ് പറയുന്നു. രണ്ട് ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യാനായി 40,000 രൂപയാണ് ഏജൻസി വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിനായി നൽകേണ്ട സ്ക്രിപ്റ്റും മറ്റ് അനുബന്ധ വിവരങ്ങളും ഏജൻസി തന്നെ നൽകുമെന്നും, വ്യക്തമാക്കുന്ന ഇ-മെയിലിന്റെ സ്ക്രീൻഷോട്ടുകൾ അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

ഡൽഹിയിൽ ആളിക്കത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു വിദ്യാർത്ഥിയായി അഭിനയിച്ചുകൊണ്ട് നിലവിലെ പ്രതിഷേധങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും കടുത്ത ഭാഷയിൽ വിമർശിക്കാനാണ് തനിക്ക് നിർദ്ദേശം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിൽ സമരം ചെയ്യുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ മോശമായി ചിത്രീകരിക്കണമെന്നും, പ്രതിപക്ഷം രാജ്യത്തെ കുട്ടികളുടെ ഭാവി വെച്ച് തട്ടിപ്പ് നടത്തുകയാണെന്ന് വരുത്തിത്തീർക്കണമെന്നും ഇവർ ആവശ്യപ്പെട്ടതായി ക്രിയേറ്റർ ആരോപിക്കുന്നു.

നിലവിലെ സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും പുകഴ്ത്തി സംസാരിക്കാനും, ഇപ്പോഴത്തെ സർക്കാരിന്റെ നേട്ടങ്ങളെ മുൻ ഭരണാധികാരികളുടെ കാലഘട്ടവുമായി താരതമ്യം ചെയ്യാനും ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ പഴയ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തങ്ങൾക്ക് നൽകാമെന്ന് ഏജൻസി ഉറപ്പുനൽകിയതായും ക്രിയേറ്റർ വ്യക്തമാക്കുന്നു.

ഈ വൻ പെയ്ഡ് ക്യാമ്പെയ്‌നിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് ഔദ്യോഗികമായി വ്യക്തമായിട്ടില്ലെങ്കിലും, ബി.ജെ.പിയുടെ പി.ആർ. ഏജൻസികളാണ് ഇതിന് പിന്നിലെന്നാണ് വീഡിയോയിൽ ആരോപിക്കുന്നത്. ഇൻഫ്ലുവൻസർമാർക്കും നടന്മാർക്കും ഇത്തരം പ്രചാരണങ്ങൾക്കായി ഇത്രയധികം തുക നൽകുന്നത് എവിടെ നിന്നുള്ള പണമാണെന്ന് ചോദിച്ചുകൊണ്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോ അവസാനിക്കുന്നത്. ഇത്തരം വൻകിട പി.ആർ. ക്യാമ്പെയ്‌നുകൾക്കായി ഉപയോഗിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണമാണോ എന്ന കടുത്ത സംശയവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്.

Also read: