“വിവാഹേതര ബന്ധങ്ങൾ പുറത്തുവിടുമെന്ന് ജെഫ്രി എപ്സ്റ്റീൻ ഭീഷണിപ്പെടുത്തി”; വലിയ വീഴ്ച പറ്റിയെന്ന് ബിൽ ഗേറ്റ്സ്
വാഷിങ്ടൺ: സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ ഉപയോഗിച്ച് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിൻ്റെ നിർണായക വെളിപ്പെടുത്തൽ. തൻ്റെ വിവാഹേതര ബന്ധം പുറത്തറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഈ ഭീഷണികൾ. അമേരിക്കൻ ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപാകെ നടന്ന അടച്ചിട്ട വാദം കേൾക്കലിനിടെ രേഖാമൂലം നൽകിയ മറുപടിയിലാണ് ഗേറ്റ്സ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെയാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.
തന്റെ ദാമ്പത്യ പ്രശ്നങ്ങളും വ്യക്തിപരമായ വിവരങ്ങളും ഉപയോഗിച്ച് തന്നെ സമ്മർദ്ദത്തിലാക്കാനും സ്വാധീനിക്കാനും എപ്സ്റ്റീൻ പല തവണ ശ്രമിച്ചെങ്കിലും ആ നീക്കങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്ന് ബിൽ ഗേറ്റ്സ് സമിതിയെ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 2011 മുതൽ 2014 വരെയുള്ള കാലയളവിൽ ഇരുവരും പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. എന്നാൽ, എപ്സ്റ്റീനുമായി ബന്ധം സ്ഥാപിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്നാണെന്ന് ഗേറ്റ്സ് കുറ്റസമ്മതം നടത്തി. ഇരുവരും ചേർന്ന് ആലോചിച്ച ജീവകാരുണ്യ പദ്ധതികൾ ഒന്നും തന്നെ യാഥാർഥ്യമായില്ലെന്നും, 2014 അവസാനത്തോടെ എപ്സ്റ്റീനുമായുള്ള എല്ലാ ആശയവിനിമയങ്ങളും താൻ പൂർണ്ണമായും അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തനിക്കൊപ്പമുള്ള സമയങ്ങളിൽ എപ്സ്റ്റീൻ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമൂഹത്തിലുള്ള സൽപ്പേരിന് വലിയ പ്രാധാന്യമുണ്ടെന്നും, എപ്സ്റ്റീനുമായുള്ള ബന്ധം തന്റെ ലക്ഷ്യങ്ങളെപ്പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള വലിയ വീഴ്ചയായിരുന്നുവെന്നും ബിൽ ഗേറ്റ്സ് വിലയിരുത്തി. ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക എന്ന തന്റെ ആശയങ്ങൾക്ക് തികച്ചും വിരുദ്ധമായ സ്വഭാവമായിരുന്നു എപ്സ്റ്റീന്റേത്. എപ്സ്റ്റീൻ നേരിട്ടിരുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് തനിക്ക് അന്ന് അറിവുണ്ടായിരുന്നുവെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളുടെ യഥാർത്ഥ തീവ്രത പൂർണമായി മനസിലാക്കാൻ കഴിഞ്ഞില്ലെന്നും, ഇക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്തുന്നതിൽ തനിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.