09/06/2026
[fontresizer_tawhidurrahmandear_widget]

ബിജെപി കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മുഴുവൻ കർണാടകയിലേക്ക് മാറ്റി; ജയമുറപ്പിച്ച ഏക സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയും തള്ളി

 ബിജെപി കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മുഴുവൻ കർണാടകയിലേക്ക് മാറ്റി; ജയമുറപ്പിച്ച ഏക സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രികയും തള്ളി

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത പ്രഹരം. പാർട്ടിക്ക് ജയം ഉറപ്പായിരുന്ന ഏക രാജ്യസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവച്ചുവെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറുടെ നടപടി. നേരത്തെ, ബിജെപിയുടെ ഭാഗത്തുനിന്നുള്ള കുതിരക്കച്ചവട ശ്രമങ്ങളെ ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ മുഴുവൻ കുടുംബസമേതം കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലേക്ക് മാറ്റിയിരുന്നു.

ക്രിമിനൽ കേസ് മറച്ചുവെച്ചെന്ന് പരാതി; പത്രിക തള്ളി
മുൻ എംപിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തയുമായ മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിച്ചത്. എന്നാൽ, മീനാക്ഷിക്കെതിരെ തെലങ്കാനയിലെ കോടതിയിൽ നിലവിലുള്ള ഒരു ക്രിമിനൽ കേസിന്റെ വിവരങ്ങൾ അവർ നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ ബോധപൂർവം മറച്ചുവച്ചുവെന്ന് കാണിച്ച് ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവത് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു.

സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണ് മീനാക്ഷി നടരാജൻ നടത്തിയതെന്ന് ബിജെപിയുടെ അഭിഭാഷകർ വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം റിട്ടേണിങ് ഓഫീസർ പത്രിക തള്ളുകയായിരുന്നു. എന്നാൽ, മീനാക്ഷിക്കെതിരെ കേസുകളൊന്നുമില്ലെന്നും കോടതിയിൽ നിന്നുള്ള കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും അത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

‘നോട്ടുകെട്ടുകളുമായി’ ബിജെപി; എംഎൽഎമാരെ ബംഗളൂരുവിലേക്ക് കടത്തി കോൺഗ്രസ്
തെരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഭോപ്പാലിൽ തിങ്കളാഴ്ച രാത്രി വൈകി നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് എംഎൽഎമാരെ മധ്യപ്രദേശിൽനിന്നു മാറ്റാൻ തീരുമാനിച്ചത്.

കോൺഗ്രസ് എംഎൽഎമാരെ സമീപിച്ച ബിജെപി നേതാക്കൾ പണക്കിഴികളുമായാണ് എത്തിയതെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാർ ആരോപിച്ചു. ജനാധിപത്യത്തെ തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് എംഎൽഎമാരെ മാറ്റിയത്. അറുപതോളം എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ചില എംഎൽഎമാർ കുടുംബസമേതമാണ് യാത്ര തിരിച്ചത്. ജൂൺ 18-ന് വോട്ടെടുപ്പ് നടക്കുന്നതിന് തലേദിവസം മാത്രമേ ഇവർ ഭോപ്പാലിൽ തിരിച്ചെത്തുകയുള്ളൂ.

എന്താണ് മധ്യപ്രദേശിലെ രാജ്യസഭാ കണക്ക്?
മധ്യപ്രദേശിലെ ആകെയുള്ള 230 നിയമസഭാ സീറ്റുകളിൽ നിലവിൽ 229 അംഗങ്ങളാണുള്ളത്(ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു). ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 58 ഒന്നാം മുൻഗണനാ വോട്ടുകൾ വേണം.

ബിജെപിക്ക് നിയമസഭയിൽ ആകെ 164 എംഎൽഎമാരുണ്ട്. ഇതനുസരിച്ച് രണ്ട് സീറ്റുകളിൽ ബിജെപിക്ക് സുഖമായി ജയിക്കാം. ഇതു കഴിഞ്ഞാൽ ബിജെപിക്ക് 48 അധിക വോട്ടുകളുണ്ട്. മൂന്നാമതൊരു സീറ്റ് കൂടി പിടിക്കാൻ ബിജെപിക്ക് 10 വോട്ടുകളുടെ കുറവാണുള്ളത്.

അതേസമയം, 62 ആണ് കോൺഗ്രസിന്റെ അംഗബലം. ഒരു സീറ്റിൽ ജയിക്കാൻ ആവശ്യമായ 58 വോട്ടുകളേക്കാൾ നാലു വോട്ടുകൾ കോൺഗ്രസിന് അധികമുണ്ടായിരുന്നു.

ബിജെപി തങ്ങളുടെ മൂന്നാം സ്ഥാനാർത്ഥിയായി മഹേഷ് കേവതിനെ കളത്തിലിറക്കിയതോടെയാണ് കോൺഗ്രസ് ക്യാമ്പിൽ ആശങ്ക പടർന്നത്. ഇതിനിടയിൽ കോൺഗ്രസിന്റെ 15ഓളം എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലാണെന്ന് ബിജെപി അവകാശപ്പെടുകയും ചെയ്തതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായി. 2020-ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ കൂറുമാറി കമൽനാഥ് സർക്കാർ വീണ അനുഭവം മുന്നിലുള്ളതിനാലാണ് കോൺഗ്രസ് ഇത്തവണ ഒട്ടും റിസ്‌ക് എടുക്കാതെ എംഎൽഎമാരെ കർണാടകയിലേക്ക് മാറ്റിയത്. എന്നാൽ, ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പത്രിക തന്നെ തള്ളപ്പെട്ടതോടെ കോൺഗ്രസ് ഇപ്പോൾ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്.

Also read: