‘ഇന്ത്യൻ യുവാക്കൾ വിദേശകരങ്ങളിലെ കളിപ്പാവകളാകില്ല’; കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ
ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കൾ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവകളായി മാറില്ലെന്ന് നിതിൻ നബിൻ പറഞ്ഞു.
ഇന്ത്യയിലെ യുവാക്കൾ രാഷ്ട്രനിർമാണത്തിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യുവതലമുറയുടെ ദിശ നിർണയിക്കാൻ ആർക്കും കഴിയില്ലെന്നും നിതിൻ നബിൻ വ്യക്തമാക്കി. “ഇന്ത്യയിലെ യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുമ്പോൾ, യുവാക്കൾ പോസിറ്റീവ് രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും നിതിൻ നബിൻ പറഞ്ഞു.
വിദേശത്തിരുന്ന് ചില ആളുകൾ കരുതുന്നത് ഇന്ത്യയിലെ യുവാക്കളുടെ ദിശ നിർണയിക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് എന്നും നിതിൻ നബിൻ വിമർശിച്ചു. കോക്രോച്ച് പാർട്ടി മേധാവി അഭിജീത് ദീപ്കെയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു നിതിൻ നബിൻ്റെ പ്രതികരണം. ഇന്ത്യയിലെ യുവാക്കൾ ഏതാനും ആളുകളുടെ കൈകളിലെ പാവകളായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
സർക്കാരിനെ എതിർക്കാൻ ജനങ്ങൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെന്നും എന്നാൽ അത്തരം എതിർപ്പുകൾ ജനാധിപത്യ മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും നബിൻ അറിയിച്ചു. ഇന്ത്യയിലെ യുവതലമുറയുടെ കഠിനാധ്വാനത്തിൻ്റെയും പരിശ്രമത്തിൻ്റെയും ഫലമായി ഏകദേശം രണ്ട് ലക്ഷത്തോളം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. രാജ്യത്തെ ഒരു ആഗോള ഐടി ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലോടെയാണ് കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥാപകൻ അഭിജീത് ദീപ്കെ നേരിട്ട് നേതൃത്വം കൊടുത്ത പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി സോനം വാങ്ചുക് അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും എത്തിയിരുന്നു.