തമിഴ്നാട് ബി.ജെ.പിയിൽ കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 16 നേതാക്കൾ പാർട്ടി വിട്ടു
ചെന്നൈ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ, സെക്രട്ടറി സുമതി വെങ്കിടേഷ് എന്നിവരുൾപ്പെടെ 16 മുതിർന്ന ഭാരവാഹികൾ പാർട്ടിയിൽനിന്നു രാജിവച്ചു.
അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘അണ്ണാമലൈ മക്കൾ ഇയക്ക’ത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഭാരവാഹികൾ കൂട്ടത്തോടെ ബി.ജെ.പി വിട്ടത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയെ സ്വീകരിക്കാൻ കരു നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. ബി.ജെ.പി ദേശീയ നേതൃത്വത്തിന് രാജി സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട കരു നാഗരാജൻ, താൻ അണ്ണാമലൈയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കൊപ്പമാണ് ഇനി സഞ്ചരിക്കുകയെന്ന് വ്യക്തമാക്കി.
‘ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, സവിശേഷമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള, അത്യധികം ഊർജസ്വലനും ധീരനുമായ നേതാവാണ് അണ്ണാമലൈ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ ദൗത്യത്തെ പൂർണമായി പിന്തുണയ്ക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു,’ കരു നാഗരാജൻ പറഞ്ഞു.
തമിഴ് ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിൽ ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്ന കരു നാഗരാജന്റെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയാണ്. കോയമ്പത്തൂർ സൗത്ത് ജില്ലാ പ്രസിഡന്റ് കെ. വസന്തരാജൻ, യുവമോർച്ച സംസ്ഥാന ലീഗൽ കൺവീനർ അഭിലാഷ് ഗോപിനാഥ് തുടങ്ങിയ പ്രമുഖരും രാജിവച്ചവരിൽ ഉൾപ്പെടുന്നു.
വലിയ നിരാശയോടെയാണ് പാർട്ടി വിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷും പ്രതികരിച്ചു. അണ്ണാമലൈയുടെയും കരു നാഗരാജന്റെയും രാജിക്ക് തൊട്ടുപിന്നാലെയായിരുന്നു സുമതിയുടെ പ്രഖ്യാപനം. മോദിയും ബി.ജെ.പിയുടെ ദേശീയതയിലൂന്നിയുള്ള രാഷ്ട്രീയവും എന്നും പ്രചോദനമായിരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
‘ഏറെ ചിന്തിച്ച ശേഷമാണ് ഞാൻ ഈ തീരുമാനമെടുത്തത്. വിങ്ങുന്ന ഹൃദയത്തോടെയാണ് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിയിൽനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഒഴിഞ്ഞത്. ഇത്രയും കാലം പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ബി.ജെ.പിയുടെ ദേശീയതയിലൂന്നിയുള്ള രാഷ്ട്രീയവും എന്നും എനിക്ക് പ്രചോദനമായിരിക്കും,’ സുമതി വെങ്കിടേഷ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കി.
അതേസമയം, അണ്ണാമലൈയുടെ രാജി പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് നിലവിലെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. അണ്ണാമലൈയുടെ രാജി കൊണ്ട് ബി.ജെ.പിക്ക് ഒരു തകർച്ചയുമുണ്ടാകില്ല. ബി.ജെ.പി വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇതൊരു പ്രത്യയശാസ്ത്ര പാർട്ടിയാണ്. ജനാധിപത്യത്തിൽ ആർക്കും പുതിയ പാർട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്ന് നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ സംസ്ഥാന നേതാക്കൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന അണ്ണാമലൈയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ.എ.ഡി.എം.കെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് അണ്ണാമലൈ പാർട്ടി വിട്ടത്. അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനമായ ‘വെ ദി ലീഡർ’ പ്ലാറ്റ്ഫോമിലേക്ക് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ വോളന്റിയർമാരായി രജിസ്റ്റർ ചെയ്തതായി അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികൾക്കും പുതുതായി വന്ന വിജയ്യുടെ ടി.വി.കെ സർക്കാരിനും ബദലായി അണ്ണാമലൈ രൂപീകരിക്കുന്ന പുതിയ പ്രസ്ഥാനത്തിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ബി.ജെ.പി നേതാക്കൾ ചേക്കേറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.