‘മതം എപ്പോഴും പ്രദർശിപ്പിക്കേണ്ട ഒന്നല്ല, എല്ലാവരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ ഹിന്ദു’; കെ അണ്ണാമലൈ
ചെന്നൈ: മതം എപ്പോഴും പ്രദർശിപ്പിക്കേണ്ട ഒന്നല്ലെന്നും എല്ലാവരെയും ഒരു പോലെ കാണുന്നവനാണ് യഥാർത്ഥ ഹിന്ദുവെന്നും ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. അദ്ദേഹം പുതുതായി രൂപീകരിച്ച ‘വി ദ ലീഡേഴ്‌സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ പൊള്ളാച്ചിയിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിലായിരുന്നു ഈ പരാമർഷം. താൻ ഒരു അഭിമാനിയായ ഇന്ത്യക്കാരനും ദേശീയവാദിയും ഒപ്പം ഒരു ഹിന്ദുവുമാണെന്ന് അണ്ണാമലൈ പറഞ്ഞു. എന്നാൽ വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ തന്റെ ജാതിയും മതവും വീടിനുള്ളിൽ പൂട്ടി വെച്ചിട്ടാണ് താൻ ഇറങ്ങാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാളെ ഉയർന്നവനെന്നോ മറ്റൊരാളെ താഴ്ന്നവനെന്നോ ചിത്രീകരിക്കുന്ന രീതിയിൽ ഒരു യഥാർത്ഥ ഹിന്ദു സംസാരിക്കില്ലെന്നും, എല്ലാവരും ഒരേ നേർരേഖയിൽ ഒരുമിച്ച് മുന്നേറണമെന്ന് ആഗ്രഹിക്കുന്നവനാണ് അവരെന്നും അണ്ണാമലൈ വ്യക്തമാക്കി. താൻ പുതുതായി രൂപീകരിച്ച ഈ പ്രസ്ഥാനം പൂർണമായും മതത്തിന് അതീതമായിരിക്കുമെന്നും ഭാവിയിൽ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഭരണമാറ്റത്തിൽ യുവാക്കൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും യുവതലമുറ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.