02/09/2026
[fontresizer_tawhidurrahmandear_widget]

‘വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല; ‘വന്ദേമാതരം’ ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം വേണം’: സുരേഷ് ഗോപി

 ‘വിഴിഞ്ഞത്തേക്ക് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ല; ‘വന്ദേമാതരം’ ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം വേണം’: സുരേഷ് ഗോപി

സുരേഷ് ഗോപി

പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് സംസ്ഥാന സർക്കാർ ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, വിഴിഞ്ഞം തുറമുഖ എക്സിം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.

മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ക്ഷണിച്ചതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങിൽ നിന്ന് മാറിനിന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, അതിനുള്ള അവകാശം അവർക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചടങ്ങിൽ ‘വന്ദേമാതരം’ ആലപിക്കാത്തതാണ് ബിജെപി നേതാക്കളുടെ ബഹിഷ്‌കരണത്തിന് കാരണമോ എന്ന ചോദ്യത്തിന്, എറണാകുളം റെയിൽവേ സ്റ്റേഷനിൽ വന്ദേമാതരം ആലപിക്കാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം പരാമർശിച്ചാണ് സുരേഷ് ഗോപി മറുപടി നൽകിയത്. വന്ദേമാതരം ആലപിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും ആ ഗാനത്തിന്റെ കൃത്യമായ പ്രോട്ടോക്കോളിൽ അക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ പൊതുസ്ഥലത്ത് അത്തരമൊരു അന്തരീക്ഷം ഒരുക്കുക എന്നത് ഏറെ ശ്രമകരമാണ്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്ലാറ്റ്‌ഫോമിലൂടെ ഓടിനടന്നേക്കാം. അത് ഗാനത്തിന്റെ പവിത്രതയെ ബാധിക്കുമെന്നതിനാലാണ് റെയിൽവേ സ്റ്റേഷനിൽ അത് പാടാതിരുന്നത്. കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തിയതോടെ പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകർ കാര്യം മനസ്സിലാക്കി പിരിഞ്ഞുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേത് മാത്രമല്ലെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളുടേതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനെ ആരെങ്കിലും അവഹേളിക്കുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങൾ ഇടപെടാൻ സാധ്യതയുണ്ടെന്നും അത്തരമൊരു അനിഷ്ട സാഹചര്യം ഒഴിവാക്കാനാണ് പ്രവർത്തകർ ശ്രദ്ധിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Also read: