‘ഈ വിലയ്ക്ക് മത്തങ്ങ കിട്ടുമോ? ലോകത്ത് ഒരു രാജ്യത്തും പാചകവാതകം ഇത്രയും വില കുറച്ച് വില്‍ക്കുന്നില്ല’: സുരേഷ് ഗോപി
സുരേഷ് ഗോപി
കൊല്ലം: രാജ്യത്തെ ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സ്ട്രാറ്റജിക് റിസർവിൽ എത്ര വിലയ്ക്കാണ് ക്രൂഡ് ഓയിൽ വാങ്ങിയത്, അതിന് അനുപാതികമായ വില മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. കേരളത്തിൽ വെളിച്ചെണ്ണ വില ഉയർന്നതിൽ യുദ്ധത്തിനോ പെട്രോളിയം മന്ത്രാലയത്തിനോ ഏതെങ്കിലും രീതിയിൽ പങ്കുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.
ചായയുടെ വില 10 രൂപയിൽ നിന്നും 12 രൂപയായി ഉയർന്നുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, അതും പെട്രോളിയം കാരണമാണോ എന്നാണ് മന്ത്രി മാധ്യമങ്ങളോട് തിരിച്ചു ചോദിച്ചത്. “ലോകത്ത് ഒരു രാജ്യത്തും പാചക വാതകം ഇത്രയും വില കുറച്ച് വീടുകളിലേക്ക് എത്തുന്നില്ല. യുദ്ധത്തിന് മുൻപ് നാലു പേരുള്ള ഒരു കുടുംബം ദിവസം 9.50 രൂപയുടെ ഗ്യാസാണ് കത്തിക്കുന്നത്. വേറെ ഏത് ഉൽപ്പന്നമാണ് ഈ വിലയ്ക്ക് ലഭിക്കുക? ക്യാബേജ് കിട്ടുമോ, കാരറ്റ് കിട്ടുമോ, മത്തങ്ങ കിട്ടുമോ” എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇന്ധനവില എപ്പോൾ കുറയുമെന്ന് കൃത്യമായി പറയാനാകില്ലെന്നും നാളെ ബോംബിടൽ നിർത്തിയാൽ ഉടൻതന്നെ വില കുറയില്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. “വില കുറയാൻ സാധ്യതയുണ്ടോ എന്ന് വ്യക്തമല്ല. യുദ്ധം ചെയ്യുന്നവരുടെ മനസ്സിൽ എന്താണെന്ന് ആർക്കാണ് അറിയുക. നാളെ ബോംബിടൽ നിർത്തിയാൽ നാളെ തന്നെ വില കുറയില്ല. അതിന് മുൻപ് വാങ്ങിയ തുകയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്” എന്നും മന്ത്രി വ്യക്തമാക്കി.