21/07/2026
[fontresizer_tawhidurrahmandear_widget]

‘സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, എൻഎസ്എസിനെ പിടിച്ചെടുക്കാൻ നോക്കിയവരുടെ ഗതി ഓർക്കണം’ -ജി. സുകുമാരൻ നായർ

 ‘സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ, എൻഎസ്എസിനെ പിടിച്ചെടുക്കാൻ നോക്കിയവരുടെ ഗതി ഓർക്കണം’ -ജി. സുകുമാരൻ നായർ

ജി. സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം സമാധി സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെയും എൻ.എസ്.എസിനെതിരെയും ഉയർന്നുവന്ന ആരോപണങ്ങളെ ശക്തമായ ഭാഷയിൽ തള്ളി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമാധി മണ്ഡപത്തിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, സുരേഷ് ഗോപി എത്തിയത് ഗേറ്റ് അടച്ചിരുന്ന സമയത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സുരേഷ് ഗോപി സമാധിയിൽ എത്തിയത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ അദ്ദേഹം മുൻകൂട്ടി അനുമതി ചോദിച്ചിട്ടുപോലുമില്ലെന്നും സുകുമാരൻ നായർ വ്യക്‌തമാക്കി. ഈ സന്ദർശനം പൂർണ്ണമായും ഒരു രാഷ്ട്രീയ കരുനീക്കമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ എസ്.പി.ജി (SPG) പരിശോധനയുടെ ഭാഗമായി സമാധി മണ്ഡപത്തിൽ പട്ടിയെ കയറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് താൻ സ്വീകരിച്ചിരുന്നു. എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം മന്നം സമാധി എന്നത് ഒരു ക്ഷേത്രം പോലെ അതീവ വിശുദ്ധമായ സ്ഥലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എൻ.എസ്.എസിനെ പിടിച്ചെടുക്കാമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ അദ്ദേഹം പുച്‌ഛിച്ചുതള്ളി. സംഘടനയെ തകർക്കാൻ ശ്രമിച്ച മുൻകാല നേതാക്കളുടെ ഗതി എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും, ഭീരുക്കളുടെ പ്രസ്‌താവനകളെ താൻ വകവെക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സുരേഷ് ഗോപിയുടെ നടപടി തെറ്റാണെന്ന് ബി.ജെ.പിയിലെ തന്നെ ചില നേതാക്കൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ അത് തിരുത്തി സംസാരിച്ചതെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ സ്വന്തം സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് ഉമാ ശശികലയെപ്പോലെയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. മുൻപ് ഉമ്മൻചാണ്ടിയും കെ.എം. മാണിയും ഭരിച്ചിരുന്ന കാലം ഇതിലും ഭേദമായിരുന്നുവെന്നും അവർക്ക് വ്യക്‌തമായ ഒരു ഭരണ വീക്ഷണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. നരസിംഹ റാവുവിനോടും പിണറായി വിജയനോടും വരെ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് താനെന്നും, തന്റെ ലക്ഷ്യം മന്നത്തിന്റെ പാത പിന്തുടരുക എന്നത് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും പേടിക്കാനില്ലെന്നും പൂർണ്ണമായ ആത്മധൈര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: