80-ാം സ്വാതന്ത്ര്യദിനത്തിൽ ചരിത്രം കുറിച്ച് ചെങ്കോട്ട; ‘2047-ൽ വികസിത ഇന്ത്യ’: ‘സപ്തധാര’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്രത്തിലാദ്യമായി ഡൽഹി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം പ്രധാന പ്രമേയമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി.
ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. വിഭാഗീയതകൾക്കതീതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കേട്ടാണ് സർക്കാർ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയതും പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യം ഇനി ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും, ഇതിനായി 140 കോടി ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഏഴു മേഖലകളിൽ ഊന്നിയുള്ള ‘സപ്തധാര’ വികസന പ്രതിജ്ഞയും അദ്ദേഹം മുന്നോട്ടുവെച്ചു.
- ഉത്പാദനം: ഉത്പന്നങ്ങളും അവയുടെ ഘടകങ്ങളും തദ്ദേശീയമായി നിർമിച്ച് ആഗോള വിതരണ ശൃംഖലയുടെ കേന്ദ്രമായി ഇന്ത്യ മാറും.
- കൃഷി: സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ കർഷകരുടെ ഉത്പന്നങ്ങളും പരമ്പരാഗത ധാന്യങ്ങളും ആഗോള ബ്രാൻഡുകളാക്കും.
- സാങ്കേതികവിദ്യ: റോബോട്ടിക്സ്, ഡേറ്റ സെന്റർ സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിച്ച് ‘മേഡ് ഇൻ ഇന്ത്യ 6ജി’ ലക്ഷ്യമിടും.
- കണക്ടിവിറ്റി: എക്സ്പ്രസ് ഹൈവേകളും പുതിയ റോഡുകളും നിർമിച്ച് തടസ്സമില്ലാത്ത അതിവേഗ കണക്ടിവിറ്റി ഉറപ്പാക്കും.
- പ്രതിരോധം: ഡ്രോൺ, ഡ്രോൺ വേധ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തി പ്രതിരോധ രംഗത്ത് പൂർണ ആത്മനിർഭരത കൈവരിക്കും.
- ഹരിത-ബ്ലൂ സമ്പദ് വ്യവസ്ഥ: ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം, സമുദ്ര വിഭവങ്ങൾ (ബ്ലൂ ഇക്കോണമി) എന്നിവയിലൂടെ പുതിയ വികസന പാത തുറക്കും.
- സോഫ്റ്റ് പവർ: യോഗ, സിനിമ, അനിമേഷൻ, ഗെയിമിങ്, ടൂറിസം എന്നിവയിലൂടെ രാജ്യത്തിന്റെ സോഫ്റ്റ് പവർ ശക്തിപ്പെടുത്തും.
കഴിഞ്ഞ വർഷം നവംബറിലുണ്ടായ സ്ഫോടനവും ബോംബ് ഭീഷണികളും കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് ഡൽഹിയിൽ 20,000-ത്തോളം പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. ക്ഷണം ലഭിച്ച 5,000 വിശിഷ്ടാതിഥികൾക്കാണ് ചെങ്കോട്ടയിലെ ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്.