04/09/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ജപ്പാനല്ല, നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന കേരളം!’; കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ടു കണ്ണുതള്ളി പഞ്ചാബി സഞ്ചാരി

 ‘ഇത് ജപ്പാനല്ല, നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന കേരളം!’; കാസർകോട് റെയിൽവേ സ്റ്റേഷന്റെ വൃത്തി കണ്ടു കണ്ണുതള്ളി പഞ്ചാബി സഞ്ചാരി

കാസർകോട്: കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു പഞ്ചാബി യാത്രികൻ ശരിക്കും അമ്പരന്നുപോയി! സ്റ്റേഷനിലെ കണ്ണഞ്ചിക്കുന്ന ശുചിത്വവും അത്യാധുനിക സൗകര്യങ്ങളും കണ്ട് അത്ഭുതപ്പെട്ട അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

പ്രശസ്ത ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ അന്മോൽ സന്ധുവാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ കൗതുകക്കാഴ്ച പങ്കുവെച്ചത്. ‘ബാക്പാക്കർ അന്മോൽ’ എന്ന അക്കൗണ്ടിൽ ‘ഇത് ജപ്പാനല്ല, കേരളമാണ്’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം എട്ടു ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.

ഒരു തരി മാലിന്യമോ പൊടിയോ ഇല്ലാത്ത വൃത്തിയുള്ള പ്ലാറ്റ്‌ഫോമുകളും തിളങ്ങിനിൽക്കുന്ന ട്രാക്കുകളുമാണ് അന്മോൽ വീഡിയോയിലൂടെ കാണിക്കുന്നത്. ഇന്ത്യയിൽ ഇത്രയും വൃത്തിയും ഭംഗിയുമുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

സാധാരണ റെയിൽവേ സ്റ്റേഷനുകളിലെ ബഹളങ്ങൾക്ക് പകരം പ്രശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സുഖകരമായ ഇരിപ്പിടങ്ങൾക്ക് പുറമെ, യാത്രക്കാർക്കായി മസാജ് ചെയറുകൾ വരെയുള്ള പ്രത്യേക ലോഞ്ചുകളും കാസർകോട് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അമ്പരപ്പോടെ പറയുന്നു.

“ഉയർന്ന വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയുമുള്ള മനുഷ്യരുടെ നാടാണ് കേരളമെന്ന് ചെറുപ്പം മുതൽ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ നേരിട്ടെത്തിയപ്പോൾ അത് നൂറു ശതമാനം സത്യമാണെന്ന് ബോധ്യമായി. അതിർത്തി കടന്ന് കേരളത്തിലേക്ക് കാലുകുത്തിയ ആദ്യ ദിവസം തന്നെ കാസർകോട് എന്റെ മനസ്സ് കീഴടക്കി കഴിഞ്ഞു.” – അന്മോൽ സന്ധു വീഡിയോയിൽ പറഞ്ഞു.

വീഡിയോ തരംഗമായതോടെ കാസർകോടുകാരും മലയാളികളും അന്മോലിന് വൻ വരവേൽപാണ് സോഷ്യൽ മീഡിയയിൽ നൽകുന്നത്. സപ്തഭാഷകൾ സംഗമിക്കുന്ന നാടായ കാസർകോട്ടേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്ത നാട്ടുകാർ; ബേക്കൽ കോട്ട, റാണിപുരം, അനന്തപുരം തടാക ക്ഷേത്രം തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കൂടി സന്ദർശിച്ചേ മടങ്ങാവൂ എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Also read: