22/10/2026
[fontresizer_tawhidurrahmandear_widget]

ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; കോയമ്പത്തൂരിൽ 11-ാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ

 ബീഫ് കഴിച്ചതിന് പരിഹാസവും ജാതി അധിക്ഷേപവും; കോയമ്പത്തൂരിൽ 11-ാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ

കോയമ്പത്തൂർ: ബീഫ് കഴിച്ചതിന്റെ പേരിലും ജാതി പറഞ്ഞും അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെത്തുടർന്ന് കോയമ്പത്തൂരിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ. കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ വിജയകുമാറിനെ പീലമേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്ക് ഇറങ്ങിയ അഖിലനെ ഉച്ചയോടെ ഭാരതി കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു മാസം മുമ്പ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെപ്പറ്റി അന്വേഷിച്ച അധ്യാപകൻ, ക്ലാസിൽ ബീഫ് കഴിക്കുന്നവർ ആരൊക്കെയാണെന്ന് ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് അഖിലൻ അടക്കം അഞ്ച് കുട്ടികൾ എഴുന്നേറ്റുനിന്നു. ഇതിനുശേഷമാണ് സഹപാഠികൾ തനിക്കെതിരെ നിരന്തരം ജാതീയ അധിക്ഷേപവും മർദനവും നടത്തുന്നതായി അഖിലൻ അമ്മ കൗസല്യാദേവിയോട് വെളിപ്പെടുത്തിയത്.

പീഡനത്തെക്കുറിച്ച് അധ്യാപകനും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പീലമേട് പോലീസ് അന്വേഷണം തുടരുകയാണ്.

Also read: